ഇ-മെയില്‍ ചോര്‍ത്തിയിട്ടില്ലെന്ന സര്‍ക്കാര്‍ വാദം തെറ്റെന്ന് ‘മാധ്യമം’
Kerala
ഇ-മെയില്‍ ചോര്‍ത്തിയിട്ടില്ലെന്ന സര്‍ക്കാര്‍ വാദം തെറ്റെന്ന് ‘മാധ്യമം’
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd January 2012, 3:00 pm

കോഴിക്കോട്: ഇ-മെയിലുകള്‍ ചോര്‍ത്തിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശ വാദം തെറ്റാണെന്ന് പുതുതായി പുറത്തിറങ്ങിയ “മാധ്യമം” വാരിക. സിമി ബന്ധം ആരോപിച്ച് രഹസ്യന്വേഷണ വിഭാഗം 268 മെയിലുകള്‍ ചോര്‍ത്തിയതിന് തെളിവുണ്ടെന്നും “മാധ്യമം” വാരിക വെളിപ്പെടുത്തുന്നു.

തീവ്രവാദ ബന്ധം ആരോപിച്ച് ആരുടെയും ഇ-മെയില്‍ വിശദാംശങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്ന വാദത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്ന അവസരത്തിലാണ് “മാധ്യമ”ത്തിന്റെ പുതിയ ലക്കത്തില്‍ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

2011 നവംബറിലാണ് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പാസ് വേര്‍ഡ് അടക്കമുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് 23 ഇ-മെയില്‍ സര്‍വ്വീസ് കമ്പനികളെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സമീപിച്ചത്. ജനുവരി ആദ്യ വാരം തന്നെ മുഴുവന്‍ വിവരങ്ങളും അടങ്ങുന്ന ഏഴ് ജിഗാ ബൈറ്റുള്ള സി.ഡി കമ്പനികള്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് നല്‍കിയിരുന്നു. ഹൈടെക് സെല്‍ ഡി.വൈ.എസ്.പി വിനയകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സി.ഡിയിലെ വിവരങ്ങള്‍ പരിശോധിക്കുന്നതെന്നും വാരിക പറയുന്നു.

ഭീകര പ്രവര്‍ത്തനം നടത്തുന്ന സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ പട്ടികയാണ് നല്‍കുന്നതെന്ന ഔദ്യോഗിക വിശദീകരണത്തെ തുടര്‍ന്നാണ് ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ വിശദാംശങ്ങള്‍ നല്‍കിയതെന്ന് “മാധ്യമം” വാരിക പറയുന്നു. ഇതോടെ പോലീസിന്റെ കത്തിലെ സിമി ബന്ധം എന്ന പരാമര്‍ശം പിഴവാണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണ് “മാധ്യമം”.

Malayalam News
Kerala News in English