| Tuesday, 24th January 2012, 11:30 am

നോട്ടപ്പുള്ളികളുടെ കള്ളിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്
ന്യൂസ് റൂമില്‍ നിന്നും എം.പി ബഷീര്‍ എഴുതുന്നു….

ങ്ങനെ ആ ഇമെയില്‍ ചോര്‍ത്തല്‍ വിവാദവും അട്ടിമറിക്കപ്പെടുകയാണല്ലോ. സ്‌കൂപ്പ് വാര്‍ത്ത പുറത്തുവിട്ട മാധ്യമം ആഴ്ചപ്പതിപ്പ് നോട്ടപ്പുള്ളികളുടെ പട്ടികയില്‍ നിന്ന് അമുസ്ലീംകളെ ഒഴിവാക്കിയതിന് ന്യായീകരണം നിരത്താന്‍ പെടാപാട് പെടുന്നു. ഭരണകര്‍ത്താകളാകട്ടെ, വാരികയ്ക്ക് സ്വയം തിരുത്തി തെറ്റേറ്റ് പറയാനുള്ള അവസരം ഒരുക്കി മഹാമനസ്‌കത തെളിയിക്കുന്നു. കഴിഞ്ഞു, പ്രത്യേകിച്ച് ആര്‍ക്കും പരിക്കില്ലാതെ സംഗതി അവസാനിക്കുകയാണ്. എന്നാല്‍, സര്‍ക്കാര്‍ പറയുന്നത്ര ലളിതമാണോ കാര്യങ്ങള്‍? നിര്‍ദ്ദോഷമായി തയ്യാറാക്കപ്പെട്ട ഒരു “ബഹുമത” പട്ടികയില്‍ നിന്ന് അമുസ്ലീംകളെ ഒഴിവാക്കി പ്രസിദ്ധീകരിച്ചത് മൂലമുണ്ടായ കാലുഷ്യം മാത്രമാണോ കാര്യം?

ജനുവരി 15ന് ഞായറാഴ്ച രാവിലെ മാധ്യമം വാരികയിലെ സ്‌കൂപ്പ് കണ്ട് ആവേശംകൊണ്ട് ആദ്യം വിളിച്ചത് ഞങ്ങളുടെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ ഇ സനീഷാണ്. നിങ്ങളുടെ പേര് കാണാനില്ലല്ലോ എന്ന് സനീഷും എന്നെ അധികം പേര്‍ മുസ്ലീമായി കണക്കാക്കിയിട്ടില്ലെന്ന് ഞാനും തമാശ പറഞ്ഞ് ഫോണ്‍ വെച്ചെങ്കിലും വൈകുന്നേരമായപ്പോഴേക്കും ആ സ്‌കൂപ്പ് ഒരു ന്യൂസ് റൂം അസ്വസ്ഥതയായി വളര്‍ന്നിരുന്നു. മാധ്യമം അവരുടെ വാര്‍ത്തയ്ക്ക് അടിസ്ഥാനമായ രേഖകള്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. അതിനാല്‍ അവ കണ്ടെത്തുന്നതിലായി കൗതുകം.

മൈനോറിറ്റി സിന്‍ഡ്രം ബാധിച്ച ആളുകള്‍ അല്പം കൂടുതലുള്ള സ്ഥലമാണ് മാധ്യമം. ആ ബാധയാലാവണം, വിവാദ ഇമെയില്‍ പട്ടികയിലെ ചുരുക്കം അമുസ്ലീം പേരുകള്‍ ഒഴിവാക്കാനുള്ള തീരുമാനം എടുത്തത്

വൈകീട്ട് ഏഴുമണിയോടെ രേഖകള്‍ തരപ്പെടുത്തി കൊച്ചി റിപ്പോര്‍ട്ടര്‍ മനുഭരത് ഒരു തുടര്‍വാര്‍ത്തയുമായി രംഗത്തെത്തുമ്പോഴേക്കും മാധ്യമം സ്‌റ്റോറിയെക്കുറിച്ച് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു കഴിഞ്ഞിരുന്നു. പിന്നെയങ്ങോട്ട് കൗണ്ടര്‍ ഓപ്പറേഷന്‍ തുടങ്ങുകയായി. ഈ വിവാദത്തിന് പിന്നിലുള്ള ഒരു എ.ഡി.ജി.പിയും അദ്ദേഹത്തിന്റെ സുഹൃത്തായ ഒരു ഡി.ഐ.ജിയും ആദ്യം വിളിച്ചു.

റിപ്പോര്‍ട്ടര്‍മാര്‍ എന്ന നിലക്കപ്പുറം സൗഹൃദമുള്ള രണ്ട് പത്രപ്രവര്‍ത്തക സുഹൃത്തുക്കളുടെ വിളി പിന്നാലെ വന്നു. മാധ്യമം വാരിക ചെയതത് കടുത്ത അപരാധം എന്ന തിയറി അപ്പോഴേ രൂപപ്പെട്ടുകഴിഞ്ഞിരുന്നു. വാരികക്കെതിരെ കേസെടുത്ത് അന്വേഷിക്കുമെന്ന രാഷ്ട്രീയ തീരുമാനം വിവാദത്തിന് പിന്നിലുള്ള പോലീസുകാര്‍ നേരത്തെ എടുത്തിരുന്നുവെന്ന് അര്‍ത്ഥം. ആദ്യം ഡി.ജി.പിയിലൂടെയും പിന്നെ മുഖ്യമന്ത്രിയിലൂടെയും അത് പുറത്തുവന്നു.

മൈനോറിറ്റി സിന്‍ഡ്രം ബാധിച്ച ആളുകള്‍ അല്പം കൂടുതലുള്ള സ്ഥലമാണ് മാധ്യമം. ആ ബാധയാലാവണം, വിവാദ ഇമെയില്‍ പട്ടികയിലെ ചുരുക്കം അമുസ്ലീം പേരുകള്‍ ഒഴിവാക്കാനുള്ള തീരുമാനം എടുത്തത്. അതില്ലായിരുന്നുവെങ്കില്‍ മാധ്യമം പുറത്തുകൊണ്ടുവന്നത് സമീപകാലത്തെ ഏറ്റവും വലിയ വാര്‍ത്തകളില്‍ ഒന്നാകുമായിരുന്നു. കാരണം, ആ വാര്‍ത്ത മുന്നോട്ടുവെച്ച ഒരു ചോദ്യത്തിനും ഭരണകര്‍ത്താക്കളോ പോലീസോ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

ഒന്ന്: 2011 നവംബര്‍ മൂന്നാം തീയതി ഇന്റലിജന്‍സ് ആസ്ഥാനത്ത് നിന്ന് എഴുതപ്പെട്ടതായി കാണുന്ന കത്ത് യഥാര്‍ത്ഥത്തില്‍ എഴുതപ്പെട്ടതു തന്നെയല്ലെ? ആണെങ്കില്‍ അത് എഴുതാനിടയായ സാഹചര്യം എന്ത്?

രണ്ട്: സിമി പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള താഴെ പറയുന്ന വ്യക്തികളുടെ ഇമെയില്‍ പട്ടിക കൂടെ ചേര്‍ക്കുന്നു എന്നാണ് ആ കത്തിന്റെ ആദ്യവാചകം. അത് ഉദ്ദേശിച്ചുതന്നെ എഴുതിയതാണോ? ആണെങ്കില്‍ ഏത് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ആ തീരുമാനത്തിലെത്തിയത്? ഇപ്പോള്‍ മാറ്റിപ്പറയുന്ന സര്‍ക്കാര്‍ അവരിലാര്‍ക്കും സിമി ബന്ധമില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ടോ?

മൂന്ന്: സിമി ബന്ധം ആരോപിച്ചത് ഒരു പിശകാണ് എന്നാണല്ലോ മുഖ്യമന്ത്രി പറഞ്ഞത്. ആരുടെ പിശക്? അതിന് എന്ത് ശിക്ഷ? അതോ, മുസ്ലീം പേരുകളുള്ള ചില ഇമെയില്‍ ഐഡികള്‍ കാണുമ്പോള്‍ തന്നെ എവന്മാര്‍ സിമികളായിരിക്കും എന്ന് ചിന്തിച്ചു പോയതാണോ? അങ്ങനെ പൗരാവലിയെ ഏറ്റവുമെളുപ്പം നോട്ടപ്പുള്ളികളുടെ
കള്ളിയിലേക്ക് ചേര്‍ത്തുവെക്കുന്നവര്‍ നമ്മുടെ പോലീസില്‍ ഏറെപ്പേരുണ്ടോ?

നാല്: രജിസ്‌ട്രേഷന്, ലോഗിന്‍ വിവരങ്ങള്‍ നല്‍കണമെന്നാണല്ലോ കത്തിലെ നിര്‍ദ്ദേശം. മെയിലുകളുടെ ഉള്ളടക്കം അറിയാനല്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ വിവരങ്ങള്‍?

കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ഏത് ഉറവിടത്തില്‍ നിന്ന് കിട്ടിയതാണെങ്കിലും 268 പേരുടെ ഇമെയില്‍ വിലാസങ്ങളുടെ മേല്‍ സംസ്ഥാന പോലീസ് രഹസ്യനിരീക്ഷണം നടത്തുന്നുണ്ട്.

എന്നാല്‍ സാധാരണ ഗതിയില്‍ ആവശ്യപ്പെട്ടാല്‍ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഗൂഗിള്‍, യാഹു പോലുള്ള സ്ഥാപനങ്ങള്‍ അനുവദിക്കുന്നില്ല. അങ്ങനെ വരുമ്പോള്‍ അവരെക്കൊണ്ട് സമ്മതിപ്പിക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. ഇവര്‍ സിമി ബന്ധമുള്ളവരാണെന്ന് പറയുക. ഭീകരതയുടെ കറുത്ത തുണി അവരുടെ മുഖത്തണിയിക്കുക.

ഇവിടെയും അതുതന്നെയാണ് സംഭവിച്ചതെന്ന് വ്യക്തമാണ്. ഈ വാര്‍ത്ത ഒരു വിവാദമായി ഒടുങ്ങിയാല്‍ മലയാളത്തിലെ മുഖ്യമാധ്യമങ്ങള്‍ക്ക് ഒരു കാര്യത്തില് അഭിമാനിക്കാവുന്നതാണ്. അസൂയാവഹമായ വാര്‍ത്തകളെ അനാവശ്യ വിവാദങ്ങളില്‍ പെടുത്തി മുനയൊടിക്കാനുള്ള അവരുടെ കഴിവ് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ആരുടേയും സ്വസ്ഥത കെടുത്താതിരിക്കുക എന്ന മഹത്തായ മാധ്യമധര്‍മ്മം എന്നുമെന്നും പുലരട്ടെ.

ലേഖകന്‍ ഇന്ത്യാവിഷന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ ആണ്

Malayalam News
Kerala News in English

We use cookies to give you the best possible experience. Learn more