| Saturday, 28th September 2019, 7:18 pm

ഒ അബ്ദുറഹ്മാനും എം.പി ബഷീറിനും വിജു വി നായര്‍ക്കുമെതിരായ വിവാദ ഇ മെയില്‍ കേസ് കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ഇന്ററലിജന്‍സ് വിഭാഗം 268 പേരുടെ ഇ-മെയില്‍ ചോര്‍ത്തിയെന്ന് ചൂണ്ടിക്കാണിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെതിരെ മതസ്പര്‍ധ ആരോപിച്ച് കേസെടുത്ത സംഭവത്തില്‍ കേസ് എഴുതി തള്ളണമെന്ന സര്‍ക്കാറിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. സര്‍ക്കാറിന്റെ അപേക്ഷ സ്വീകരിച്ച് തിരുവനന്തപുരം സിജെഎം കോടതിയാണ് കേസ് അവസാനിപ്പിച്ചത്.

പോലീസ് ആരോപിക്കുന്ന 153 ബി, 120 എ, 143,147 10,13 യു.എ.പി.എ ,ഒഫിഷ്യല്‍ സീക്രട്ട് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസ് നിലനില്‍ക്കില്ല എന്ന് കണ്ടെത്തിയതിനാലാണ് കേസ് പിന്‍വലിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

കേസിലെ അഞ്ചാംപ്രതിയായ മാധ്യമം പത്രത്തിന്റെ എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ അപേക്ഷയിന്മേലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പാണ് അബ്ദുറഹ്മാന്‍ അപേക്ഷ നല്‍കിയത്.

2012 ജനുവരി 23 ലക്കം മാധ്യമം ആഴ്ചപ്പതിപ്പില്‍ വിജു വി നായരായിരുന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പാര്‍ലമെന്റംഗം, മുസ്ലിം രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, പ്രൊഫഷണലുകള്‍, എഴുത്തുകാര്‍, സാധാരണക്കാര്‍ തുടങ്ങിയവരാണ് ലിസ്റ്റിലുണ്ടായിരുന്നത്. 268 പേരില്‍ 257 പേരും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണെന്ന് ഉയര്‍ത്തിക്കാട്ടിയായിരുന്നു മാധ്യമം റിപ്പോര്‍ട്ട്.

ലിസ്റ്റിലുള്ള വ്യക്തികള്‍ക്ക് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നും മാധ്യമം പുറത്ത് വിട്ട ഉന്നത പോലീസ് ഓഫീസറുടെ കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ മാധ്യമം പ്രസിദ്ധീകരിച്ചത് യഥാര്‍ത്ഥ കത്തല്ല, വ്യാജ കത്താണെന്ന് ആരോപിച്ചാണ് കേരള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേരള പോലീസ് ഹൈടെക് സെല്‍ എസ്.ഐ ആയിരുന്ന ബിജു സലീം, അഡ്വ.എസ് ഷാനവാസ്, ഡോ. പി. എ. ദസ്തക്കിര്‍, ലേഖകന്‍ വിജു വി നായര്‍ മാധ്യമം എഡിറ്റര്‍ ഒ.അബ്ദുല്‍ റഹ് മാന്‍, വാരിക എഡിറ്റര്‍ പി.കെ.പാറക്കടവ്, ഇന്ത്യാവിഷന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന എം.പി ബഷീര്‍, ഇന്ത്യാ വിഷന്‍ കൊച്ചി ബ്യൂറോ ചീഫായിരുന്ന മനുഭരത് എന്നിവരെ പ്രതിചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തതിരുന്നത്. മാധ്യമം റിപ്പോര്‍ട്ട് വാര്‍ത്തയാക്കിയതിനാണ് ഇന്ത്യാ വിഷന്‍ എഡിറ്റര്‍ക്കും റിപ്പോര്‍ട്ടര്‍ക്കുമെതിരെ കേസെടുത്തിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസെടുത്തതിലൂടെ സംഘപരിവാര്‍ വിരുദ്ധ എഡിറ്ററോറിയല്‍ നയം പുലര്‍ത്തുന്ന മാധ്യമം, ഇന്ത്യാവിഷന്‍ എന്നീ സ്ഥാപനങ്ങളെ തകര്‍ക്കുകയായിരുന്നു അന്ന് ഇന്റലിജന്‍സിന്റെ ചുമതലയുണ്ടായിരുന്ന ടി.പി സെന്‍കുമാറിന്റെ ലക്ഷ്യമെന്ന് ഇന്ത്യാവിഷന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന എം.പി ബഷീര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

”മാധ്യമത്തില്‍ ഈ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് പൊലീസിന് വീഴ്ച പറ്റിയെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥിരീകരിച്ച ശേഷമാണ് അന്ന് ഇന്ത്യാ വിഷന്‍ ആ വാര്‍ത്ത നല്‍കിയത്. അന്ന് ഇന്റലിജന്‍സിന്റെ ചുമതലയുണ്ടായിരുന്ന ടി.പി സെന്‍കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് 250 ലധികം മുസ്‌ലിം വ്യക്തികളുടെ ഇ-മെയില്‍ ചോര്‍ത്താന്‍ ഹൈടെക്ക് സെല്‍ നീക്കം നടത്തിയത്. ഈ വിവരം പുറത്ത് വന്നതിനെ തുടര്‍ന്ന് അതിന് കാരണക്കാരായ മാധ്യമങ്ങള്‍ക്ക് നേരെ തിരിയുകയായിരുന്നു പൊലീസിലെ ഒരു വിഭാഗം. ഈ കേസിന്റെ പേരില്‍ സംഘപരിവാര്‍ വിരുദ്ധ എഡിറ്ററോറിയല്‍ നയം പുലര്‍ത്തുന്ന മാധ്യമം, ഇന്ത്യാവിഷന്‍ എന്നീ സ്ഥാപനങ്ങളെ തകര്‍ക്കുകയായിരുന്നു സെന്‍കുമാറിന്റെ ലക്ഷ്യം. അതിന് വേണ്ടിയാണ് പൗരന്മാരുടെ ഇമെയില്‍ ചോര്‍ത്താന്‍ നടത്തിയ നീക്കം ചര്‍ച്ചയാവുന്നത് നേരിടാന്‍ അത് പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ കേസെടുത്തത്.” എം.പി ബഷീര്‍ പറഞ്ഞു.

അന്ന് കേസില്‍ ബിജുസലീം,അഡ്വ.ഷാനവാസ്,ഡോ.ദസ്തകീര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ബിജുവിനെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജോലിയില്‍ നിന്ന് നീക്കം ചെയ്യുകയും ഡോ.ദസ്തകീറിനെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more