കൊച്ചി: ആദിവാസി – ദളിത് വിഭാഗം വിദ്യാർത്ഥികൾക്കായുള്ള ഇ-ഗ്രാന്റുകൾ രണ്ടുവർഷമായി ലഭിക്കാത്തതിനെ തുടർന്നുള്ള പ്രതിഷേധം ശക്തമാകുന്നു. ഗ്രാന്റുകൾ കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ.
കൊച്ചി: ആദിവാസി – ദളിത് വിഭാഗം വിദ്യാർത്ഥികൾക്കായുള്ള ഇ-ഗ്രാന്റുകൾ രണ്ടുവർഷമായി ലഭിക്കാത്തതിനെ തുടർന്നുള്ള പ്രതിഷേധം ശക്തമാകുന്നു. ഗ്രാന്റുകൾ കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ.
ഇതിനെ തുടർന്ന് ജൂലൈ 20ന് തിരുവനന്തപുരത്ത് പ്രതിഷേധാത്മകമായി മാർച്ച് സംഘടിപ്പിക്കാൻ വിദ്യാർത്ഥി കൂട്ടായ്മകൾ തീരുമാനിച്ചു. ആദിശക്തി സമ്മർ സ്കൂൾ, ആദിവാസി ഗോത്ര മഹാസഭ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധത്തിന് മുന്നിട്ടിറങ്ങുന്നത്.
സെക്രട്ടറിയേറ്റിന്റെ പടിക്കൽ നിന്ന് രാജ്ഭവനിലേക്ക് നടക്കുന്ന പ്രതിഷേധ പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷകർത്താക്കളും ആദിവാസി ദളിത് സംഘടനാ പ്രവർത്തകരും പങ്കെടുക്കും. പ്രതിഷേധത്തിന്റെ ഭാഗമായി ആദിവാസി ദളിത് മൂവ്മെന്റിന്റെ നാടകമായ ‘എങ്കളെഒച്ച’ എന്ന നാടകവും വിദ്യാർത്ഥികളുടെ മറ്റ് കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.
വിദ്യാർത്ഥികൾക്ക് നൽകുന്ന തുക നാമമാത്രമാണെങ്കിൽ പോലും അതിനും കാലതാമസം വരുത്തുകയാണ് കേരള സർക്കാർ. പഠനകാലത്ത് നൽകുന്ന ഹോസ്‌റ്റൽ അലവൻസുകൾ ഉൾപ്പടെ ലഭിക്കാത്തതിനാൽ നിരവധിപേർ ഇതിനകം പഠനം ഉപേക്ഷിച്ചിട്ടുണ്ട്.
Also Read: 31,000 കോടിയുടെ കാർഷിക കടം എഴുതിത്തള്ളുമെന്ന് രേവന്ത് റെഡ്ഡി, ചരിത്രനീക്കമെന്ന് രാഹുൽ ഗാന്ധി
\സർക്കാർ കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്ക് പ്രതിമാസം 35000 രൂപയും സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുകയാണെങ്കിൽ പട്ടികവർഗക്കാർക്ക് 3000 രൂപയും പട്ടികജാതി വിദ്യാർത്ഥികൾക്ക് 1500 രൂപയുമാണ് ഗ്രാന്റ്. പോക്കറ്റ് മണിയായി ഡിഗ്രി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പ്രതിമാസം 200 രൂപ, ലംപ്സം ഗ്രാന്റ് ആയി 1500 രൂപ എന്നിങ്ങനെയാണ് വിദ്യാർത്ഥികൾക്ക് നൽകി വരുന്ന തുകകൾ.
പഠന കാലയളവിൽ തുക കൃത്യമായി നൽകാത്തതിനാൽ വിദ്യാർത്ഥികൾ സ്വന്തം കൈയിൽ നിന്നും പണം നൽകേണ്ട അവസ്ഥയാണിപ്പോൾ. ഫീസ് നൽകാൻ കഴിയാത്തവരുടെ പരീക്ഷ ഫലവും ഹാൾ ടിക്കറ്റും തടഞ്ഞുവെക്കുന്നത് കോളജുകളിൽ സാധാരണയാണ്.
ഹോസ്‌റ്റൽ അലവൻസുകൾ 6500 രൂപയായി വർധിപ്പിക്കണമെന്ന് നേരത്തെ തന്നെ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ തയാറായില്ല.
കോളേജുകളിൽ ചേർന്നാലുടൻ ഫ്രീ ഷിപ് കാർഡ് നൽകുമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് ഗ്രാന്റുകൾ നൽകേണ്ടത്. വിദ്യാഭ്യാസ ഗ്രാന്റുകൾ നൽകുന്നതിന് ഏകീകൃത പോർട്ടലുകൾ നടപ്പാക്കി 2021ൽ കേന്ദ്രം മാർഗ നിർദേശം പുറപ്പെടുവിച്ചിരുന്നു. വാർഷിക വരുമാനം 2.5 ലക്ഷത്തിൽ അധികമാണെങ്കിൽ ഗ്രാന്റുകൾ നൽകേണ്ടെന്നും വർഷത്തിൽ മൂന്ന് തവണയായി നൽകിയാൽ മതിയെന്നുമായിരുന്നു ഇതിൽ പറഞ്ഞിരുന്നത്.
Also Read: നീറ്റ് ക്രമക്കേട് അന്വേഷണം സി.ബി.ഐക്ക് കൈമാറി കേന്ദ്രം
അതോടൊപ്പം സംസ്ഥാന പട്ടിക ജാതി, പട്ടിക വർഗ വകുപ്പാകട്ടെ വർഷത്തിൽ ഒരു തവണ ഗ്രാന്റ് നൽകിയാൽ മതിയെന്നും കേന്ദ്രം പറഞ്ഞിരുന്നു. എല്ലാമാസവും നൽകേണ്ട തുക കണക്കാക്കിയാണ് ഒറ്റ തവണയായി നൽകേണ്ടത്.
എന്നാൽ സർക്കാർ ഗ്രാന്റുകൾ കൃത്യ സമയത്ത് നൽകിയില്ല. ഗ്രാന്റുകൾക്കായി ബജറ്റിൽ തുക വകയിരുത്താറുണ്ടെങ്കിലും അവ ചെലവഴിക്കാറില്ലെന്ന് വിമർശനം ഉയരുന്നുണ്ട്.
Content Highlight: e-grant issue of SC,ST students