| Monday, 18th March 2024, 9:33 pm

മദ്യ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളും കവിതയും ഗൂഢാലോചന നടത്തിയതായി ഇ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദ്യ നയക്കേസില്‍ അറസ്റ്റിലായ ബി.ആര്‍.എസ് നേതാവ് കെ. കവിത ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി ഗൂഢാലോചന നടത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

മദ്യ നയരൂപീകരണത്തിലും നിയമം നടപ്പാക്കുന്നതിലും ആനുകൂല്യം ലഭിക്കുന്നതിനായാണ് നേതാക്കള്‍ ഗൂഡലോചന നടത്തിയതെന്ന് ഇ.ഡി പറഞ്ഞു. ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ള ആംആദ്മി നേതാക്കള്‍ക്ക് കവിത 100 കോടി രൂപ നല്‍കിയെന്നും ഇ.ഡി ആരോപിച്ചു.

അനധികൃതമായി എ.എ.പി നേതാക്കളിലേക്ക് പണമെത്തിക്കാന്‍ കവിത ശ്രമിച്ചുവെന്നും ഗൂഢാലോചനയില്‍ ബി.ആര്‍.എസ് നേതാവ് പ്രധാന പങ്കാളിയാണെന്നും ഇ.ഡി പറഞ്ഞു. നിലവില്‍ മാര്‍ച്ച് 23 വരെ കവിത ഇ.ഡിയുടെ കസ്റ്റഡിയിലാണ്.

2022 മുതല്‍ മദ്യ അഴിമതിക്കേസില്‍ രാജ്യത്തുടനീളം 245 സ്ഥലങ്ങളില്‍ പരിശോധന നടത്തിയിട്ടുണ്ടെന്ന് ഇ.ഡി വ്യക്തമാക്കി. മനീഷ് സിസോദിയ, എ.എ.പി നേതാവ് സഞ്ജയ് സിങ് എന്നിവരുള്‍പ്പെടെ 15 പേരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഏജന്‍സി അറിയിച്ചു.

എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് കവിത പ്രതികരിച്ചിരുന്നു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തെലങ്കാനയില്‍ ബി.ജെ.പിക്ക് പിന്‍വാതില്‍ പ്രവേശനം നേടാന്‍ കഴിയാത്തതില്‍ കേന്ദ്രസര്‍ക്കാര്‍ ഇ.ഡിയെ ഉപയോഗിച്ച് പക വീട്ടുകയാണെന്നും കവിത നേരത്തെ ആരോപിച്ചിരുന്നു.

മദ്യ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ കവിതക്ക് മുമ്പ് സമന്‍സ് അയച്ചിരുന്നു. മാര്‍ച്ചില്‍ മാത്രമായി കവിതക്ക് ഇ.ഡി അയച്ചത് രണ്ട് സമന്‍സുകളാണ്.

എന്നാല്‍ സമന്‍സുകള്‍ക്ക് മറുപടി നല്‍കാനോ കേസില്‍ ഹാജരാകാനോ കവിത തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഉണ്ടായ റെയ്ഡിലാണ് കവിതയെ കസ്റ്റഡിയിലെടുത്തത്. ഇ.ഡിക്ക് പുറമേ കവിതയുടെ വസതിയില്‍ ആദായ നികുതി വകുപ്പും റെയ്ഡ് നടത്തിയിരുന്നു.

മദ്യ വ്യാപാരികളുടെ സൗത്ത് ഗ്രൂപ്പ്’ ലോബിയുമായി കവിതക്ക് ബന്ധമുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഇ.ഡി സമന്‍സ് അയച്ച് 45 ദിവസങ്ങള്‍ക്ക് ശേഷമാണ് കവിതയെ കസ്റ്റഡിയില്‍ എടുത്തത്.

Content Highlight: E.D Says K. Kavitha paid 100 crore to AAP leaders

Latest Stories

We use cookies to give you the best possible experience. Learn more