| Wednesday, 13th October 2021, 7:26 pm

ചന്ദ്രിക കള്ളപ്പണക്കേസ്: എം.കെ. മുനീറിനെ ചോദ്യം ചെയ്ത് ഇ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസില്‍ എം.കെ. മുനീര്‍ എം.എല്‍.എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യംചെയ്തു. ചൊവ്വാഴ്ചയാണ് ചോദ്യംചെയ്യല്‍ നടന്നത്. ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയിലായിരുന്നു ചോദ്യംചെയ്തത്. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ ചോദ്യംചെയ്തതിന് പിന്നാലെയാണ് മുനീറിനെയും ചോദ്യംചെയ്തിരിക്കുന്നത്.

‘ചന്ദ്രിക’യുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് കൂടുതല്‍ വിശദീകരണം മുനീറില്‍നിന്ന് ആവശ്യപ്പെട്ടത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് കെ.ടി. ജലീല്‍ എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു.

ജലീല്‍ ചില ആരോപണങ്ങളും എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ നിരത്തിയിരുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ വിശദീകരണമാണ് നേരത്തെ കുഞ്ഞാലിക്കുട്ടിയില്‍നിന്ന് ചോദിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് എം.കെ. മുനീറില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ഇ.ഡി. ചോദിച്ചറിഞ്ഞത്.

കേസുമായി ബന്ധപ്പെട്ട് വിശദമായ പരിശോധനയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ കൊച്ചിയിലെത്തിയ മുനീറില്‍നിന്ന് മണിക്കൂറുകളോളം എന്‍ഫോഴ്സ്മെന്റ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

നോട്ട് നിരോധന സമയത്ത് ചന്ദ്രിക ദിനപത്രത്തിന്റെ കൊച്ചിയിലെ അക്കൗണ്ടില്‍ ഏകദേശം പത്തുകോടിയുടെ കള്ളപ്പണം എത്തിയെന്നാണ് ആരോപണം. ഇത് പി.കെ. ഇബ്രാഹിംകുഞ്ഞിന് പാലാരിവട്ടം മേല്‍പാലം അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച പണം ആണെന്നാണ് പരാതിക്കാരന്റെ ആരോപണം.

ഇത് സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. ഈ സമയത്തെ ചന്ദ്രിക ദിനപത്രത്തിന്റെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുകയാണ് ഇ.ഡി. ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് മുഴുവന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍നിന്നും വിവരങ്ങള്‍ ആരായാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് കുഞ്ഞാലിക്കുട്ടിയെയും മുനീറിനെയും ചോദ്യംചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: E.D questions mk muneer over chandrika blackmoney case

Latest Stories

We use cookies to give you the best possible experience. Learn more