| Saturday, 19th December 2020, 7:38 pm

ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഫണ്ട് തട്ടിപ്പ് കേസ്; ഫറൂഖ് അബ്ദുള്ളയുടെ 11 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആരോപണവിധേയനായ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരെ നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റ്.

ഇതുമായി ബന്ധപ്പെട്ട് ഫറൂഖ് അബ്ദുള്ളയുടെ 11.86 കോടി രൂപയുടെ ആസ്തി ഇ.ഡി കണ്ടുകെട്ടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ ഒക്ടോബറില്‍ കേസില്‍ ഫറൂഖ് അബ്ദുള്ളയെ എന്‍ഫോഴ്സ്മെന്റ് ഡയരക്ട്രേറ്റ് ചോദ്യംചെയ്തിരുന്നു.

ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാനായിരുന്ന ഫാറൂഖ് അബ്ദുള്ള 43 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തില്‍ ബാങ്ക് രേഖകളെ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്തതെന്ന് ഇ.ഡി വൃത്തങ്ങള്‍ പറഞ്ഞിരുന്നു.

കേസില്‍ 2019ലും അബ്ദുള്ളയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് 2002 മുതല്‍ 2011 വരെ ബി.സി.സി.ഐ 113 കോടി രൂപ ഗ്രാന്റാ യി നല്‍കിയിരുന്നു. ഇതില്‍ 43.69 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന കേസിലാണ് അന്വേഷണം നടന്നുവരുന്നത്.

2015 ല്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി സി.ബി.ഐക്ക് കേസ് കൈമാറുകയും 2018 ല്‍ ഫറൂഖ് അബ്ദുള്ളയുടെയും മറ്റു മൂന്ന് പേരുടെയും പേരില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള, മുന്‍ ജനറല്‍ സെക്രട്ടറി എം.ഡി. സലിം ഖാന്‍, ട്രഷറര്‍ അഹ്‌സന്‍ അഹമ്മദ് മിര്‍സ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബഷീര്‍ അഹമ്മദ് മിസഖര്‍ എന്നിവര്‍ക്കെതിരെയായിരുന്നു സി.ബി.ഐ കേസ്. ഇതിന്റെ ഭാഗമായുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് എന്‍ഫോഴ്സ്മെന്റ് ഡയരക്ട്രേറ്റ് അന്വേഷിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: E D Attached Assets Of Former JK Cm Farook Abdulla

We use cookies to give you the best possible experience. Learn more