| Friday, 17th July 2015, 12:50 pm

ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍ ഐ.പി.എല്‍ ടീമുകള്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇ-കോമേഴ്‌സ് ഭീമന്‍മാരായ ഫ്‌ലിപ് കാര്‍ട്ട്, സ്‌നാപ്ഡീല്‍, ആമസോണ്‍ ഇന്ത്യ തുടങ്ങിയവര്‍ ഐ.പി.എല്‍ ടീമുകള്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ രാജസ്ഥാന്‍ റോയല്‍സിനേയും ചെന്നൈ സൂപ്പര്‍ കിങ്‌സിനേയും രണ്ട് വര്‍ഷത്തേക്ക് വിലക്കിയതോടെയാണ് പുതിയ ഐ.പി.എല്‍ ടീമുകള്‍ക്കായുള്ള ചര്‍ച്ചകളും ശ്രമങ്ങളും സജീവമായത്. നേരത്തെ ഹീറോ മോട്ടോ കോര്‍പ്പും ജെ.എസ്.ഡബ്ല്യൂവും നരത്തേ തന്നെ ഐ.പി.എല്‍ ടീമുകള്‍ സ്വന്തമാക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചിരുന്നു.

രണ്ട് ടീമുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെ എട്ട് ടീമുകളുമായി സംഘടിപ്പിച്ചിരുന്ന ഐ.പി.എലിന്റെ അടുത്ത സീസണ്‍ എങ്ങനെ സംഘടിപ്പിക്കപ്പെടണം എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അണിയറയില്‍ സജീവമാണ്. ഇതിനിടയ്ക്കാണ് പുതിയ ടീമുകള്‍ക്കായുള്ള വ്യവസായ ഭീമന്‍മാരുടെ ശ്രമങ്ങള്‍ നടക്കുന്നത്. ഏറെ ലാഭകരമായ ടൂര്‍ണമെന്റ് ആയതുകൊണ്ടുതന്നെ നിരവധി വ്യവസായ പ്രമുഖരുടേ പേരുകളും ഈ രംഗത്ത് സജീവമാണ്.

അതേസമയം ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ തുടങ്ങിയവര്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം ഐ.പി.എല്‍ ടീം സ്വന്തമാക്കാനുള്ള ഒരവസരവും ഒഴിവാക്കാന്‍ ഈ ഇ-കോമേഴ്‌സ് സ്ഥാപനങ്ങള്‍ തയ്യാറാവില്ല എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഐ.പി.എല്‍ ടീം സ്വന്തമാക്കാന്‍ വലിയ മത്സരം നടക്കുന്നുണ്ടെന്നും തങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ടീമുകള്‍ ലഭ്യമാണെങ്കില്‍  ആ അവസരം നഷ്ടപ്പെടുത്തില്ലെന്നാണ് ഒരു ഇ-കോമേഴ്‌സ് സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more