ഹോട്ടല്‍ ഭക്ഷണത്തില്‍ ഇ-കോളി ബാക്ടീരിയകള്‍; പരിശോധന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും നടപടിയെടുക്കാതെ ഭക്ഷ്യ സുരക്ഷാ വിഭാഗം
FOOD AND WATER QUALITY
ഹോട്ടല്‍ ഭക്ഷണത്തില്‍ ഇ-കോളി ബാക്ടീരിയകള്‍; പരിശോധന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും നടപടിയെടുക്കാതെ ഭക്ഷ്യ സുരക്ഷാ വിഭാഗം
ഗോപിക
Monday, 14th May 2018, 11:09 pm

മനുഷ്യവിസര്‍ജ്യങ്ങളില്‍ കാണപ്പെടുന്ന ബാക്ടീരിയകളാണ് ഇ-കോളി ബാക്ടീരിയ. ഇവ നാം സ്ഥിരം കഴിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ അടങ്ങിയിരിക്കുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഭക്ഷ്യസുരക്ഷ സ്ഥാപനമായ സി.എഫ്.ആര്‍.ഡി പുറത്തുവിട്ട പഠനറിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകളുള്ളത്. രണ്ടുവര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഹോട്ടലുകളിലും മറ്റും വിളമ്പുന്ന ഭക്ഷണത്തില്‍ ഇ-കോളി ബാക്ടീരിയകളുടെ അളവ് ക്രമാതീതമായി കൂടുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഇ-കോളിന്‍ രാസമാലിന്യങ്ങളും കീടനാശിനികളും, നിരോധിത കളറുകളും ഹോട്ടലുകളിലെയും ബേക്കറികളിലേയും ഭക്ഷണങ്ങളില്‍ കണ്ടെത്തിയതായി സി.എഫ്.ആര്‍.ഡി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവ വ്യാപകമായ തോതില്‍ ഉപയോഗിക്കുന്ന ഭക്ഷണങ്ങളാണ് ഇന്ന് മലയാളികളുടെ തീന്‍ മേശകളില്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ALSO READ: മലപ്പുറം കോട്ടക്കലില്‍ ഭൂമി വിണ്ടുമാറുന്നു; ജനങ്ങള്‍ ഭീതിയില്‍; പഠനങ്ങള്‍ പാതി വഴിയില്‍


രാസമാലിന്യങ്ങളെക്കാള്‍ കൂടുതല്‍ ഈ ഭക്ഷ്യവസ്തുക്കളില്‍ ശരീരത്തിന് ഹാനികരമാകുന്ന സൂക്ഷ്മജീവികളുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോട്ടലുകളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കുന്നവയാണ് ഇവയില്‍ മിക്കതും. പരിശോധനയില്‍ കണ്ടെത്തിയ പല ഭക്ഷ്യ വസ്തുക്കളും പഴകിയതാണെന്നും ഇവ വീണ്ടും ഹോട്ടലിലെത്തുന്നവര്‍ക്കു മുന്നില്‍ വിളമ്പുന്നുണ്ടെന്നുമാണ് പരിശോധനഫലത്തില്‍ പറയുന്നത്.

ഫാസ്റ്റ് ഫുഡ് എന്ന പേരിലും എളുപ്പത്തില്‍ പാകം ചെയ്യാന്‍ കഴിയുന്ന ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവയിലാണ് ഇ കോളി ബാക്ടീരിയകളുടെ അളവ് ഏറ്റവും കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത്. നാലായിരത്തിലധികം സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ നാനൂറിലധികം ഭക്ഷ്യവസ്തുക്കളില്‍ ആണ് ഇ-കോളി ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയത്.

ബാക്ടീരിയയെക്കൂടാതെ പഠനത്തിന് വിധേയമാക്കിയ സാംപിളുകളില്‍ 37 ശതമാനം ഭക്ഷ്യവസ്തുക്കളിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയതായി സി.എഫ്.ആര്‍.ഡി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


ALSO READ: കൊഞ്ചും നാരങ്ങവെള്ളവും ഒരുമിച്ച് കഴിച്ചാല്‍ തല്‍ക്ഷണം മരിക്കുമോ?’; സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചരണങ്ങളെ ശാസ്ത്രം പൊളിച്ചെഴുതുന്നു


മലിന ജലത്തിലും വൃത്തിഹീനമായ സാഹചര്യത്തിലും തയ്യാറാക്കുന്നതാണ് ഇത്തരത്തില്‍ ബാക്ടീരിയകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. ഇത് കഴിക്കുന്നത് ഛര്‍ദ്ദിയും വയറിളക്കവും പോലുള്ള രോഗങ്ങള്‍ ജനങ്ങളില്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിശദമായ റിപ്പോര്‍ട്ടുകള്‍ സി.എഫ്.ആര്‍.ഡി പുറത്തുവിട്ടിട്ടും സംസ്ഥാന ഭക്ഷ്യസുരക്ഷവിഭാഗം നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. രണ്ടുവര്‍ഷത്തെ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടും ഹോട്ടലുകളില്‍ വേണ്ടത്ര പരിശോധനകള്‍ നടന്നിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

അതേസമയം ഇതിനു മുമ്പും ഇത്തരത്തില്‍ ബാക്ടീരിയ സാന്നിധ്യം ഭക്ഷ്യവസ്തുക്കളില്‍ കണ്ടെത്തിയിരുന്നു. ഇ-കോളി ബാക്ടീരിയയുടെ അംശം സംസ്ഥാനത്ത് വിതരണം ചെയ്യപ്പെടുന്ന പാലില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനു മുമ്പും പുറത്തുവന്നിരുന്നു.

മലയാളികള്‍ ഏറ്റവും ഉപയോഗിക്കുന്ന മില്‍മയിലാണ് ഇവയിലധികവും കണ്ടതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ ഭക്ഷ്യസാധനങ്ങളില്‍ ബാക്ടീരിയയുടെ അനുവദനീയമായ അളവ് പത്തില്‍ താഴെയാണ്. എന്നാല്‍ പരിശോധനയില്‍ 250 ആയിരുന്നു ഇവയുടെ കണ്ടെത്തിയ അളവ്.
കണ്‍സ്യൂമര്‍ റൈറ്റ്സ് ഫോറം സെന്റര്‍ ഓഫ് ഇന്ത്യന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്റ് റിസര്‍ച്ചിന്റെ പഠന റിപ്പാര്‍ട്ടിലായിരുന്നു ഈ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത്.

ഇതിനു മുമ്പും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇത്തരം ക്രമക്കേടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഭക്ഷ്യ സുരക്ഷവിഭാഗങ്ങള്‍ ഇതേവരെ തയ്യാറായിട്ടില്ലെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


ALSO READ:

കോഴിക്കോട് മലയോര മേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു; ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്


മനുഷ്യമലത്തിലൂടെ പുറത്തേക്കെത്തുന്ന ഇ കോളി ബാക്ടീരിയ ശരീരത്തിലെത്തിയാല്‍ വയറിളക്കം, കോളറ,ഛര്‍ദ്ദി, തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനും മരണം വരെ സംഭവിക്കാനും കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. സാധാരണയായി മലിനജലത്തിലാണ് ഇ-കോളി ബാക്ടീരിയകള്‍ കൂടുതലായി കാണപ്പെടുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ മലിനജലം ഉപയോഗിച്ച് ഹോട്ടലുകളില്‍ ഭക്ഷണം പാകം ചെയ്യുന്നതാകാം രോഗം പടരാനുള്ള കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.