ഇടുക്കി: കൊട്ടക്കമ്പൂര്‍ ഭൂമി കയ്യേറ്റ വിഷയത്തില്‍ ജോയ്‌സ് ജോര്‍ജ് എം.പിയ്ക്ക് ക്ലീന്‍ചീറ്റുമായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. എം.പി കയ്യേറ്റക്കാരനല്ലെന്ന് മന്ത്രി പറഞ്ഞു. വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂര്‍ വില്ലേജില്‍ ജോയ്‌സ് ജോര്‍ജ് ഭൂമി കൈയേറിയിട്ടില്ലെന്നും അഭിപ്രായപ്പെട്ട മന്ത്രി പട്ടയം റദ്ദാക്കിയ ദേവികുളം സബ്കലക്ടറുടെ നടപടി പുനഃപരിശോധിക്കാമെന്നും പറഞ്ഞു.
ഉടുമ്പന്‍ചോലയില്‍ മാധ്യമങ്ങളോടു സംസാരിക്കവേയാണ് മന്ത്രി എം.പിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
“എല്ലാം കയ്യേറ്റമായി കരുതാന്‍ കഴിയില്ല. എ.പി ഭൂമി കയ്യേറിയെന്നു പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. അദ്ദേഹത്തിന്റെ പിതാവിന്റെ കാലത്തുള്ള ഭൂമിയാണ് ജോയ്സ് ജോര്‍ജ് കൈവശംവെച്ചത്, നിയമവശങ്ങള്‍ മനസിലാക്കിവരികയാണെന്നും” മന്ത്രി പറഞ്ഞു.
നേരത്തെ ജോയ്‌സ് ജോര്‍ജ് എം.പിയുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ വട്ടവട കൊട്ടക്കമ്പൂരിലുള്ള 20 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കിയിരുന്നു.
തരിശ് ഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദേവികുളം സബ്കളക്ടറായിരുന്നു പട്ടയം റദ്ദാക്കിയിരുന്നത്. ആകെ 25.43 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് റദ്ദാക്കിയത്. എം.പിയുടെയും ബന്ധുക്കളുടെയും 20 ഏക്കര്‍ കൂടാതെ കൊല്ലം സ്വദേശിയുടെ 3.21 ഏക്കറും മൂന്നാര്‍ സ്വദേശിയുടെ 2.2 ഏക്കറും റദ്ദാക്കിയിരുന്നു.