| Sunday, 11th September 2016, 9:54 am

നിങ്ങളെപ്പോലുള്ളവരെയാണ് നാടിന് വേണ്ടത്: സര്‍ക്കാര്‍ ഓഫീസില്‍ കയറി ഇറങ്ങി കാര്യം നടക്കാതയപ്പോള്‍ മന്ത്രിയോടു പരാതിപ്പെട്ട യുവാവ് പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസില്‍ പലവട്ടം കയറി ഇറങ്ങിയശേഷം ഒടുക്കം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനോടു പരാതി പറഞ്ഞ തന്റെ അനുഭവം ഫാരി ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു.


തിരുവനന്തപുരം: ഏതെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ പോയാല്‍ അവിടെ പലവട്ടം കയറി ഇറങ്ങേണ്ടി വരുന്ന അവസ്ഥയാണ്. ആരോട് പരാതി പറയും. മന്ത്രിയോടു പറഞ്ഞാലോ?

പറഞ്ഞാല്‍ കാര്യമുണ്ടാവുമെന്നാണ് ഫാരി റോഡ്രിഗ്‌സ് എന്ന യുവാവിന്റെ അനുഭവം വ്യക്തമാക്കുന്നത്. ഒരു സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസില്‍ പലവട്ടം കയറി ഇറങ്ങിയശേഷം ഒടുക്കം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനോടു പരാതി പറഞ്ഞ തന്റെ അനുഭവം ഫാരി ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു.

ഫാരിയുടെ അനുഭവം ഇങ്ങനെ:

സര്‍ക്കാര്‍ ഓഫീസില്‍ കയറിയിറങ്ങി ഒന്നും നടക്കാതെ വന്നാല്‍ എന്തു ചെയ്യണം? വേണമെങ്കില്‍ മന്ത്രിയെ വിളിച്ച് കാര്യം പറയാം. എന്നാല്‍, മന്ത്രിമാരൊക്കെ നമ്മെ സഹായിക്കാന്‍ എത്തുക എന്നത് ചിന്തിക്കാന്‍ പറ്റാത്തതാണ്.

നമ്മുടെ ഈ മുന്‍വിധികളെ തകര്‍ക്കുകയാണ് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഫാരി റോഡ്രിഗ്‌സ് എന്ന യുവാവാണ് ഫേസ്ബുക്കില്‍ തന്റെ അനുഭവം കുറിച്ചത്. ഒരു സര്‍ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിലും തഹസില്‍ദാര്‍ ഓഫീസിലും കയറിയിറങ്ങിയ അനുഭവമാണ് ഫാരി എഴുതുന്നത്. തഹസില്‍ദാര്‍ ഓഫീസില്‍ നിരവധി ആളുകള്‍ കാത്തുനില്‍ക്കെ ജീവനക്കാര്‍ ഓണാഘോഷത്തിന് പോയ സാഹചര്യത്തില്‍ നിവൃത്തിയില്ലാതെ മന്ത്രിയെ നേരിട്ടു വിളിക്കുകയായിരുന്നു ഫാരി.

പിന്നെ സംഭവിച്ചത് എന്തെന്ന് ഫാരി തന്നെ നേരിട്ടു പറയുന്നു:

ഒടുവില്‍ ഇന്ന് അത് ചെയ്യേണ്ടി വന്നു. കുറച്ചു നാളുകള്‍ ആയി ഒരു സര്‍ട്ടിഫിക്കറ്റിന് വില്ലേജ് ഓഫീസില്‍ കയറി ഇറങ്ങുന്നു…”വില്ലേജ് ഓഫീസര്‍ ലീവാണ്” അറിയാലോ വരുന്ന 10 ദിവസം കൂടെ ലീവാണ്..

ആളുകള്‍ എല്ലാരും വന്നു മടങ്ങുന്നു…ചിലര്‍ സങ്കടം പറയുന്നു…ആര് കേള്‍ക്കാന്‍…ഒടുവില്‍ എന്റെ മുഖം കറുത്ത് തുടങ്ങിയപ്പോള്‍ അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍ അപേക്ഷ പരിശോധിച്ച് തന്നു. (വില്ലേജ് ഓഫീസര്‍ തരേണ്ടതു കിട്ടിയിട്ടില്ല..പിന്നെ തരും പോലും അവര് വന്നിട്ട് )..

തീര്‍ന്നില്ല…അതുമായി താലൂക്കില്‍ പോയി അവിടന്ന് വേണം ശരിക്കുള്ള സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍. ഓണത്തിന് മുമ്പുള്ള അവസാന വര്‍ക്കിംഗ് ഡേ ആയ ഇന്ന് രാവിലെ ചെന്നതാണ് താലൂക്ക് ഓഫീസില്‍. അപ്ലിക്കേഷന്‍ വാങ്ങി വെച്ചു. ഉച്ചകഴിഞ്ഞു വരാന്‍ പറഞ്ഞു. എല്ലാരും പോകുകയാണ്… എങ്ങോട്ടെന്നല്ലേ, “ഓണം ആഘോഷിക്കാന്‍”.

12.30 ആയപ്പോഴേക്കും എല്ലാരും കൂടെ വണ്ടിയില്‍ കേറി പോയി … ഓഫീസിലെ ഒരാള്‍ (അവിടെയിരിക്കാന്‍ യാതൊരു യോഗ്യതയും ഇല്ലാത്ത ഒരു പോങ്ങന്‍) പറഞ്ഞു ഉച്ചകഴിഞ്ഞു വന്നു നോക്കു തഹസില്‍ദാര്‍ വന്നാല്‍ കിട്ടും സര്‍ട്ടിഫിക്കറ്റ് എന്ന്…ഉച്ച കഴിഞ്ഞു വന്നു 2.30 ആയി. മൂന്ന് മണിയായി. വയസ്സായവര്‍ മുതല്‍ കുട്ടികള്‍ വരെ കാത്തിരിപ്പാണ്. വീണ്ടും പോയി ചോദിച്ചു. മറുപടി തഥൈവ…വന്നാല്‍ തരാം… എന്റെ കാര്യം പറഞ്ഞു…”17 ന് അവസാന തീയതിയാണ്, എക്‌സാമുണ്ട് , അപേക്ഷ അയകാനുള്ളതാണ്, കൊല്ലത്തില്‍ ഒരിക്കലെ ഉള്ളു, ഇന്ന് കിട്ടിയില്ലെങ്കില്‍ കാര്യമില്ല, 16 വരെ ലിവല്ലേ…”.

ആര് കേള്‍ക്കാന്‍….
ഒടുവില്‍ അത് ചെയ്യേണ്ടി വന്നു…
ഒരു ഫോണ്‍ കോള്‍.
റവന്യു മിനിസ്റ്റര്‍ ഇ. ചന്ദ്രശേഖരന്‍.
കാര്യം പറഞ്ഞു. നോക്കട്ടെ എന്ന് മറുപടി…
5 മിനിറ്റ്. ഒരു വണ്ടി നിറയെ ഉദ്യോഗസ്ഥര്‍ വന്നിറങ്ങി. എല്ലാരും എന്നെ തുറിച്ചു നോക്കി പോയി. തൊട്ടു പുറകെ തഹസില്‍ദാര്‍. എന്നോട് തട്ടിക്കയറി.”2.30 ന് വരാം എന്ന് പറഞ്ഞതല്ലേ” എന്ന്.

ഞാന്‍ വാച്ച് നോക്കി…3.30 ആയിട്ടല്ലേ ഉള്ളു എന്ന മട്ടില്‍ അയാളും കയറിപ്പോയി.

കുറച്ചു നേരത്തെ കാത്തിരിപ്പു കൂടെ. സാധനം റെഡി. വയസായവര്‍ക്കടക്കം എല്ലാവര്‍ക്കും കാര്യങ്ങള്‍ നടന്നു കിട്ടി..അവര്‍ക്കും സന്തോഷമായി… ഏറ്റവും വലിയ തമാശ എന്താണെന്നാല്‍, ഉച്ചക്ക് ബാഗ് എടുത്തു വീട്ടിലേക്കു പോയ ഉദ്യോഗസ്ഥര്‍ വരെ തിരിച്ചു വന്നു ജോലി തീര്‍ത്തു കൊടുത്തു…

നന്ദിയുണ്ട് മിനിസ്റ്റര്‍. നന്ദിയുണ്ട്…
തിരക്കിലും ഒറ്റ വിളിയില്‍ തന്നെ ഫോണ്‍ എടുത്തിന്.
5 മിനിറ്റിനുള്ളില്‍ തന്നെ തീരുമാനം ഉണ്ടാക്കി തന്നതിന്…
മിനിസ്റ്ററേക്കാള്‍ തിരക്കുള്ള തഹസില്‍ദാരെയും ശിഷ്യന്മാരെയും കാര്യങ്ങള്‍ മനസിലാക്കി കൊടുത്തതിന്. നിങ്ങളെപ്പോലെ ഉള്ളവരെ നാട് ഇനിയും കാത്തിരിക്കുന്നു….

We use cookies to give you the best possible experience. Learn more