| Monday, 18th February 2019, 5:18 pm

വകതിരിവില്ലായ്മ ഉണ്ടായിടത്ത് തിരുത്തല്‍ വേണം; പെരിയ ഇരട്ടകൊലപാതകത്തില്‍ സി.പി.ഐഎമ്മിനെ പരോക്ഷമായി വിമര്‍ശിച്ച് ഇ.ചന്ദ്രശേഖരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സി.പി.ഐ എമ്മിനെ പരോക്ഷമായി വിമര്‍ശിച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. വകതിരിവില്ലായ്മ ഉണ്ടായിടത്ത് തിരുത്തല്‍ വേണമെന്നായിരുന്നു ചന്ദ്രശേഖരന്‍ പ്രതികരിച്ചത്. വക തിരിവില്ലായ്മ എവിടെ സംഭവിച്ചുവെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.

പെരിയ കൊലപാതകത്തില്‍ ഇതുവരെ രണ്ട് പേരെ അറസ്റ്റ് ചെയിതിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചിരുന്നു. രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണസംഘത്തില്‍ ക്രൈംബ്രാഞ്ചിനെ ഉള്‍പ്പെടുത്തി വിപുലീകരിച്ചുവെന്നും പൊലീസ് അറിയിച്ചു. പ്രതികളെ പിടികൂടാന്‍ ഡി.ജി.പി കര്‍ണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നും ഇതിനു പിന്നില്‍ സി.പി.ഐ.എം പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെന്നുമുള്ള എഫ്.ഐ. ആര്‍ നേരത്തെ പുറത്തു വന്നിരുന്നു.

ALSO READ: പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കുള്ള സമയം അതിക്രമിച്ചിരിക്കുന്നു; ഇത് ശക്തമായ തീരുമാനമെടുക്കാനുള്ള സമയം: മോദി

കൊടുവാള്‍ പോലെയുള്ള മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവുകളാണ് ഇരുവരുടേയും മരണകാരണം എന്നായിരുന്നു റിപ്പോര്‍ട്ട്. ശരത് ലാലിന് കഴുത്തിന്റെ വലതുവശത്ത് ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. ഇരുകാലുകളിലുമായി അഞ്ച് വെട്ടുകളും ശരത് ലാലിന് ഏറ്റിട്ടുണ്ട്. അസ്ഥിയും മാംസവും തമ്മില്‍ കൂടിക്കലര്‍ന്ന രീതിയില്‍ മാരകമായ മുറിവുകളാണ് കാലുകളില്‍.

കൃപേഷിന്റെ നെറ്റിയുടെ തൊട്ടുമുകളില്‍ മൂര്‍ദ്ധാവില്‍ ആഴത്തിലുള്ള ഒറ്റ വെട്ടാണ് ഏറ്റിരിക്കുന്നത്. 11 സെന്റീമീറ്റര്‍ നീളത്തിലും രണ്ട് സെന്റീമീറ്റര്‍ ആഴത്തിലുമുള്ള വെട്ടേറ്റ് തലയോട് തകര്‍ന്ന് സംഭവസ്ഥലത്തുതന്നെ കൃപേഷ് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോരുന്നതിനിടെയാണ് ശരത് ലാല്‍ മരിച്ചത്.

We use cookies to give you the best possible experience. Learn more