തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ പരാതികളില്‍ ഇടക്കാല റിപ്പോര്‍ട്ട് മാത്രമാണ് ലഭിച്ചതെന്നും അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍.
അന്തിമറിപ്പോര്‍ട്ട് ലഭിച്ച ശേഷം പരിശോധിച്ച് നടപടിയെടുക്കും. റിപ്പോര്‍ട്ട് ലഭിക്കാതെ ഇപ്പോള്‍ കൂടുതല്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം തോമസ് ചാണ്ടിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല കത്തു നല്‍കിയിരുന്നു.
അധികാരത്തിലിരിക്കുന്ന ഒരു മന്ത്രിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനം നഗ്‌നമായ നിയമലംഘനം നടത്തി സര്‍ക്കാര്‍ ഭൂമി കയ്യേറിയത് ന്യായീകരിക്കാനാവില്ലെന്നും കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 23ആം വകുപ്പനുസരിച്ച് മന്ത്രി ശിക്ഷാര്‍ഹമായ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കുന്നതിന് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം 12(1) അനുശാസിക്കും വിധം ബന്ധപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസറെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.