ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ ഷാക്കിബ് അല്‍ ഹസന്റെ ബൗളിങ് ആക്ഷന്‍ നിയമ വിരുദ്ധമാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്.
സെപ്റ്റംബറില്‍ സറേയ്ക്ക് വേണ്ടി ഏകദിന മത്സരത്തില്‍ പങ്കെടുത്ത ഷാക്കിബ് ബൗളിങ്ങിനിടെ സംശയാസ്പദമായ നടപടി നേരിട്ടിരുന്നു. അമ്പയര്‍മാരുടെ കണ്ടെത്തലിനെതുടര്‍ന്ന് ഷാക്കിബ് വീണ്ടും സംശയത്തിന്റെ നിഴലിലാകുകയായിരുന്നു.
ശേഷം ലോഫ്ബറോ യൂണിവേഴ്‌സിറ്റിയുടെ പരിശോധനാ ഫലത്തില്‍ ഷാക്കിബ് നിയമ വിരുദ്ധമായാണ് ബൗള്‍ ചെയ്യുന്നതെന്ന് കണ്ടെത്തുകയായിരുന്നു.
‘ഈ മാസം ആദ്യം ലോഫ്ബറോ സര്‍വകലാശാലയില്‍ ഷാക്കിബിനെ വിലയിരുത്തിയിരുന്നു. തന്റെ ബൗളിങ് ആക്ഷനിലെ കൈമുട്ട് നീട്ടല്‍ റെഗുലേഷനുകളില്‍ 15-ഡിഗ്രി പരിധി കവിഞ്ഞതായി കണ്ടെത്തി. 2024 ഡിസംബര്‍ 10ലെ മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ ഈ സസ്‌പെന്‍ഷന്‍ പ്രാബല്യത്തില്‍ വരും,
കൂടാതെ സംശയാസ്പദമായ നിയമവിരുദ്ധ ബൗളിങ് നടപടിയുമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബൗളര്‍മാരുടെ അവലോകനത്തിനായി ഇ.സി.ബിയുടെ ചട്ടങ്ങളില്‍ പറഞ്ഞിരിക്കുന്ന പ്രക്രിയ പിന്തുടരുന്നു,’ ഇ.സി.ബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഐ.സി.സിയുടെ മാര്‍ഗ നിര്‍ദേശത്തിന് കീഴിലുള്ള ഒരു വിലക്ക് ലംഘിച്ചതിനാല്‍ അന്താരാഷ്ട്ര തലത്തിലേക്കും മറ്റ് ലീഗുകളിലേക്കും താരത്തിന്റെ ബാന്‍ വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്.
ഒരു ദേശീയ ക്രിക്കറ്റ് ഫെഡറേഷന്‍ നിയമങ്ങള്‍ക്കനുസരിച്ച് താരത്തിന്റെ ബൗളിങ് സസ്പന്റ് ചെയ്യുമ്പോള്‍ മതിയായ പരിശോധനയ്ക്കും കളിക്കാരന്‍രെ വിശകലനത്തിനും ശേഷമാണ് നടപടി ക്രമങ്ങള്‍ തുടരുക. പ്രോട്ടോക്കോള്‍ അനുസരിച്ച് അത്തരം സസ്പന്‍ഷന്‍ അന്താരാഷ്ട്ര തലത്തില്‍ മാനിക്കപ്പെടും. തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ ഐ.സി.സിയും തീരുമാനമെടുക്കും.
Content Highlight: E.C.B Banned Shakib Al Hasan For Wrong Bowling Action