കണ്ണൂര്‍: വാഹനത്തില്‍ വരുത്തിയ രൂപമാറ്റത്തിനും മറ്റ് നിയമലംഘനങ്ങള്‍ക്കും പിഴയൊടുക്കാന്‍ ഒരുക്കമാണെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍. കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് സഹോദരങ്ങളായ എബിന്‍, ലിബിന്‍ എന്നിവര്‍ ഇക്കാര്യം അറിയിച്ചത്.
ജാമ്യമില്ലാവകുപ്പുകള്‍ ഉള്‍പ്പടെ ആറ് വകുപ്പുകള്‍ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരില്‍ കേസെടുത്തത്. പൊതുമുതല്‍ നശീകരണം തടയല്‍ നിയമത്തിലെ 3(1) വകുപ്പ് പ്രകാരം കേസുണ്ട്.
ഒമ്പത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് മൂന്നുവര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി. 353-ാം വകുപ്പും ചുമത്തി. ഇവ രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്.
മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ വധഭീഷണി മുഴക്കിയതിന് ഐ.പി.സി 506, ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതിന് ഐ.പി.സി 341, അതിക്രമിച്ചുകയറിയതിന് ഒരുവര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി 448 എന്നീ വകുപ്പുകള്‍ പ്രകാരവും ആറുമാസം തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കേരള പോലീസ് ആക്ടിലെ സാംക്രമികരോഗനിയന്ത്രണ നിയമപ്രകാരവും ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
വാന്‍ലൈഫ് എന്ന പേരില്‍ വാനില്‍ യാത്രകള്‍ നടത്തുന്ന സഹോദരങ്ങള്‍ ഉപയോഗിക്കുന്ന ‘നെപ്പോളിയന്‍’ വാഹനം നിയമലംഘനത്തിന്റെ പേരില്‍ ഗതാഗതവകുപ്പ് പിടിച്ചെടുത്തിരുന്നു. വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാനെന്ന പേരില്‍ തിങ്കളാഴ്ച രാവിലെ എത്തിയ ഇവര്‍ ആര്‍.ടി.ഒ. കണ്‍ട്രോള്‍ റൂമിലേക്ക് ഇരച്ചുകയറി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ കലാപ ആഹ്വാനവുമായി ഒരു വിഭാഗം സോഷ്യല്‍ മീഡിയ യൂസേഴ്സ് രംഗത്തെത്തിയിരുന്നു. വാഹനം മോഡിഫിക്കേഷന്‍ ചെയ്തതിന്റേ പേരില്‍ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ക്ക് നേരെ ചെയ്ത് കൂട്ടിയത് തിരികെ കിട്ടും എന്നാണ് ഭീഷണി.
വാഹനം പിടിച്ചെടുത്തിട്ടില്ലെന്നും അവര്‍ തന്നെ ഇവിടെ കൊണ്ടിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
‘മനപ്പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. ഓഫീസില്‍ കയറി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയ സാഹചര്യവുമുണ്ടായി. എഴുതിയ ചെക്ക് റിപ്പോര്‍ട്ട് അന്തിമമല്ല. അവര്‍ക്ക് വേണമെങ്കില്‍ കോടതിയില്‍ പോകാം. ഇവിടെ വന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് നിയമം അറിയാത്തത് കൊണ്ടാണ്. കടുത്ത നിയമലംഘനമാണ് ഇവര്‍ നടത്തിയത്,’ ആര്‍.ടി.ഒ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ആള്‍ട്ടറേഷനുമായി ബന്ധപ്പെട്ടാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
തുടര്‍നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.
തങ്ങളുടെ വാന്‍ ആര്‍.ടി.ഒ കസ്റ്റഡിയില്‍ എടുത്ത കാര്യം ഇവര്‍ സോഷ്യല്‍ മീഡയയിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇവരുടെ ആരാധകരായ ആള്‍ക്കാര്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഓഫീസിലേക്ക് എത്തി. വ്‌ളോഗര്‍മാരും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കണ്ണൂര്‍ ടൗണ്‍ പൊലീസ് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.