| Tuesday, 23rd November 2021, 5:31 pm

ഇന്ന് രാത്രി 9 മണിക്ക് ഞങ്ങള്‍ പ്രതികരിച്ചിരിക്കും ഗയ്‌സ്; കുറുപ്പിന്റെ പ്രൊമോഷനായി വാഹനങ്ങളില്‍ സ്റ്റിക്കര്‍ ഒട്ടിച്ചതിനെതിരെ ഇ-ബുള്‍ജെറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കുറുപ്പ്’ സിനിമയുടെ പ്രൊമോഷന് വേണ്ടി വാഹനങ്ങളില്‍ സ്റ്റിക്കര്‍ ഒട്ടിച്ചതിനെതിരെ വ്‌ളോഗര്‍മാരായ ഇ-ബുള്‍ജെറ്റ്. സിനിമാക്കാരോടും തങ്ങളോടും മോട്ടോര്‍ വാഹന വകുപ്പ് ഇരട്ടത്താപ്പാണ് കാണിച്ചതെന്ന് ഇ-ബുള്‍ജെറ്റ് സഹോദരന്‍മാരായ എബിനും ലിബിനും പറഞ്ഞു.

‘രണ്ടു വണ്ടിയും വൈറ്റ് ബോര്‍ഡ്, പക്ഷേ ഞങ്ങള്‍ ചെയ്തത് തെറ്റ്. കുറുപ്പിന്റെ പ്രമോഷന്‍ ചെയ്ത ഈ വണ്ടി ശരി. കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഓടിയ വണ്ടി ഇതുവരെ ഒരു ഉദ്യോഗസ്ഥര്‍ പോലും പരിശോധിച്ചിട്ട് പോലുമില്ല,’ ഇ-ബുള്‍ജെറ്റ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.

തങ്ങള്‍ ഇതിനെതിരെ ചൊവ്വാഴ്ച രാത്രി 9 മണിക്ക് പ്രതികരിക്കുമെന്നും ഇ-ബുള്‍ജെറ്റ് പറഞ്ഞു. നേരത്തെ മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ ഷാക്കിര്‍ സുബ്ഹാനും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട് ഒരു വണ്ടി പൊക്കിയിട്ട് തുരുമ്പെടുക്കാന്‍ തുടങ്ങിയെന്നും സിനിമാ പ്രൊമൊഷനു വണ്ടി സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങിയാലും മോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്റ്റിക്കര്‍ ഒട്ടിച്ച കാറിനെ ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തി. നിയമപ്രകാരം പണം നല്‍കിയാണ് ഇത്തരത്തില്‍ വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്ന് ടീം പറയുന്നു.

പാലക്കാട് ആര്‍.ടി.ഒ ഓഫിസില്‍ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് വാഹനം റോഡില്‍ ഇറക്കിയതെന്നും സിനിമയുടെ അണിയറക്കാര്‍ പറഞ്ഞു.

ഇ-ബുള്‍ജെറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

MVD ഈ ഇരട്ടത്താപ്പ് നയമാണ് ആദ്യം അവസാനിപ്പിക്കേണ്ടത് രണ്ടു വണ്ടിയും വൈറ്റ് ബോര്‍ഡ് പക്ഷേ ഞങ്ങള്‍ ചെയ്ത തെറ്റ്. കുറുപ്പിന്റെ പ്രമോഷന്‍ ചെയ്ത ഈ വണ്ടി ശരി. കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഓടിയ വണ്ടി ഇതുവരെ ഒരു ഉദ്യോഗസ്ഥര്‍ പോലും പരിശോധിച്ചിട്ട് പോലുമില്ല. സിനിമാതാരങ്ങള്‍ക്ക് എന്തും ആകാം.

പക്ഷേ ഞങ്ങളെപ്പോലുള്ള പാവം ബ്ലോഗര്‍മാര്‍ എന്തുചെയ്താലും അത് നിയമവിരുദ്ധമാക്കി കാണിക്കാന്‍ ഇവിടെ പലരും ഉണ്ട്. ഒരു മീഡിയക്കാര്‍ പോലും ഈ ഒരു കാര്യം പുറത്തു പോലും കൊണ്ടുവന്നിട്ടില്ല ഞങ്ങള്‍ അതിശക്തമായി ഇന്ന് രാത്രി 9 മണിക്ക് ഇതിനെതിരെ ഞങ്ങള്‍ പ്രതികരിക്കുന്നു.

എന്നാല്‍ ഈ വാഹനം കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ഡ്രാഫ്റ്റ് ചെയ്യുകയും പല അഭ്യാസങ്ങള്‍ കാണിക്കുകയും ചെയ്തപ്പോള്‍ അത് സമൂഹത്തിന് നല്ലതും, ഞങ്ങള്‍ തെറ്റ് ആയി മാറുന്നത് എങ്ങനെ എന്ന് എനിക്ക് മനസ്സിലാവുന്നില്ല. പാവപ്പെട്ട വണ്ടിയില്‍ നിന്നും ഉപജീവനം നേടുന്നവരെ ദ്രോഹിക്കുകയും ഇവരെ പോലുള്ള നടന്മാരെ പൂജിക്കുകയും ചെയ്യുന്നത് എവിടെ നിന്നാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: E Bulljet against Kurupp Movie promotion Dulquer Salman

We use cookies to give you the best possible experience. Learn more