കണ്ണൂര്‍: തങ്ങളെ കുടുക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നെന്ന് വിവാദ വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരായ എബിനും ലിബിനും. ചില മാഫിയകള്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയാണ് വേട്ടയാടല്‍ നടത്തുന്നതെന്നും ഇരുവരും ആരോപിച്ചു.
അറിവില്ലായ്മയെ ചൂഷണം ചെയ്ത് നിയമസംവിധാനങ്ങള്‍ ക്രൂശിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
‘കഞ്ചാവിനെതിരെ പ്രതികരണം നടത്തിയവരാണ് ഞങ്ങള്‍. അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ്. പൊലീസ് മനപ്പൂര്‍വം കുടുക്കാന്‍ ശ്രമിക്കുന്നു,’ യൂട്യൂബ് ചാനലിലൂടെ ഇരുവരും പറഞ്ഞു.
പാറിപ്പറന്ന് നടന്ന കിളികളെ കൂട്ടിലടച്ച അവസ്ഥയാണ് ഇപ്പോള്‍. 18 ലക്ഷം പേരുടെ പിന്തുണയുണ്ടെന്നും പിന്നോട്ട് പോകില്ലെന്നും ഇരുവരും പറഞ്ഞു.
ആര്‍.ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിരുന്നു. വാഹനം മോഡിഫൈ ചെയ്തതുമായി ബന്ധപ്പെട്ട് ആര്‍.ടി. ഓഫീസിലേക്ക് വിളിച്ചുവരുത്തിയതിന് ഇരുവരും തങ്ങളുടെ ‘ഫോളോവേഴ്‌സിനെ’ ബന്ധപ്പെട്ട് സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു.
അതേസമയം കേസില്‍ പ്രതികള്‍ക്ക് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇരുവര്‍ക്കും മയക്കുമരുന്ന് ബന്ധം ഉള്ളതായി സംശയിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്.
മയക്കുമരുന്നു കടത്തില്‍ എബിന്‍, ലിബിന്‍ എന്നിവര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ യൂട്യൂബ് ചാനലിലൂടെ കഞ്ചാവ് ചെടി ഉയര്‍ത്തിപിടിച്ചുള്ള ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
പ്രതികള്‍ കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്.