| Sunday, 26th September 2021, 7:57 pm

നായികയെ കിട്ടി ഗയ്‌സ്; സ്വന്തം ജീവിതം സിനിമയാക്കുന്നതിന് നായികയെ കണ്ടെത്തി ഇ ബുള്‍ ജെറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ണൂര്‍: വിവാദ ബ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇരുവരുടെയും പ്രഖ്യാപനം.

ഇപ്പോഴിതാ സിനിമയിലെ നായികയെ കണ്ടെത്തിയിരിക്കുകയാണ് ഇരുവരും. നടിയും മോഡലുമായ നീരജ ആണ് നായികയായി എത്തുന്നത്.

നീരജയ്ക്കൊപ്പമുള്ള ചിത്രമാണ് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

”ഞങ്ങളുടെ സിനിമയുടെ നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാല്‍ മതി” എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

വീഡിയോ വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടെമ്പോ ട്രാവലറില്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിന് സഹോദരന്മാരായ ലിബിന്റെയും എബിന്റെയും ‘നെപ്പോളിയന്‍’ എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു.


ഇതിന് പിന്നാലെ ആര്‍.ടി.ഒ ഓഫീസില്‍ ഇവര്‍ ബഹളമുണ്ടാക്കുകയും തുടര്‍ന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് ഇരുവര്‍ക്കുമെതിരെ കേസ് എടുക്കുകയുമായിരുന്നു. നിലവില്‍ ഇരുവര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.

വാഹനം കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ തങ്ങളുടെ ഫാന്‍സിനോട് അണിനിരക്കാന്‍ ആവശ്യപ്പെടുകയും കേരളം കത്തിക്കണം എന്ന തരത്തിലുള്ള പദപ്രയോഗങ്ങളടങ്ങിയ ആഹ്വാനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് കണ്ണൂര്‍ ആര്‍.ടി ഓഫീസിലേക്ക് ചിലര്‍ എത്തിയിരുന്നു. മാത്രമല്ല, കുട്ടികളടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ വിട്ടില്ലെങ്കില്‍ കേരളം കത്തിക്കുമെന്ന് പറയുന്ന വീഡിയോകളുമായി വന്നിരുന്നു.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സേഴ്‌സിനെയും ഇവരുടെ ആര്‍മി എന്ന് വിളിക്കപ്പെടുന്ന ഫാന്‍സിനെയും കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് സംഭവം വഴിവെച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: E Bull Jet biopic actress name reveals

Latest Stories

We use cookies to give you the best possible experience. Learn more