കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് സഹോദരന്മാരായ എബിനും ലിബിനും പിന്തുണയര്‍പ്പിച്ച് പ്രകോപനപരമായ പോസ്റ്റിട്ടവര്‍ക്കെതിരെ കേസ്. സോഷ്യല്‍ മീഡിയ വഴി പ്രകോപനമുണ്ടാക്കിയെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് കേസ്.
പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്.
എബിനും ലിബിനുമെതിരയേും കേസെടുത്തിട്ടുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്യല്‍, പ്രകോപനം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ വീണ്ടും കേസെടുത്തത്. സൈബര്‍ സെല്‍ ഓഫീസിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ പരാതിയിലാണ് ഇവര്‍ക്കെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്.
ആര്‍.ടി. ഓഫീസില്‍ അതിക്രമിച്ചു കടന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, കൃത്യനിര്‍വഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നേരത്തെ, ഇവര്‍ക്കെതിരേ പൊലീസ് കേസെടുത്തിരുന്നത്.
ഇവരുടെ പേജിലും മറ്റുമുണ്ടായിരുന്ന വീഡിയോയാണ് തെളിവായി ഉപയോഗിച്ചിരിക്കുന്നത്. തോക്ക് ചൂണ്ടിയും മറ്റും പ്രകോപനം സൃഷ്ടിക്കുന്ന വീഡിയോകളുണ്ട്. ഈ വീഡിയോകളുടെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മയക്കുമരുന്നു കടത്തില്‍ എബിന്‍, ലിബിന്‍ എന്നിവര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ യൂട്യൂബ് ചാനലിലൂടെ കഞ്ചാവ് ചെടി ഉയര്‍ത്തിപിടിച്ചുള്ള ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
അതേസമയം തങ്ങളെ കുടുക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുകയാണെന്നാണ് ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ വിശദീകരണം. ചില മാഫിയകള്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയാണ് വേട്ടയാടല്‍ നടത്തുന്നതെന്നും ഇരുവരും ആരോപിച്ചു.
അറിവില്ലായ്മയെ ചൂഷണം ചെയ്ത് നിയമസംവിധാനങ്ങള്‍ ക്രൂശിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
‘കഞ്ചാവിനെതിരെ പ്രതികരണം നടത്തിയവരാണ് ഞങ്ങള്‍. അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ്. പൊലീസ് മനപ്പൂര്‍വം കുടുക്കാന്‍ ശ്രമിക്കുന്നു,’ യൂട്യൂബ് ചാനലിലൂടെ ഇരുവരും പറഞ്ഞത്.
പാറിപ്പറന്ന് നടന്ന കിളികളെ കൂട്ടിലടച്ച അവസ്ഥയാണ് ഇപ്പോള്‍. 18 ലക്ഷം പേരുടെ പിന്തുണയുണ്ടെന്നും പിന്നോട്ട് പോകില്ലെന്നും ഇരുവരും പറഞ്ഞു.