ഇലക്ട്‌ടോണിക് ബാങ്കിങ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട് നമുക്കുചുറ്റും. തങ്ങളുടെ മുറിയിലിരുന്ന പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വഴിയോ, മൊബൈല്‍ ഫോണ്‍ വഴിയോ എളുപ്പത്തില്‍ പണം കൈമാറ്റം സാധ്യമാക്കുന്ന ഈ സംവിധാനങ്ങള്‍ പക്ഷെ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ നമുക്ക് വലിയ നഷ്ടങ്ങള്‍ വരുത്തിവെക്കാനും സാധ്യതയുണ്ട്.
എന്‍.ഇ.എഫ്.ടി ആര്‍.ടിജി.എസ് തുടങ്ങിയ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച്് ഒരു ബാങ്ക് ശാഖയില്‍ നിന്നും രാജ്യത്തെവിടെയുമുള്ള ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് പണമയക്കാന്‍ സാധിക്കും. ബാങ്കുകളില്‍ പോയി കാത്തുനില്‍ക്കേണ്ട ബുദ്ധിമുട്ട് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു മെച്ചപ്പെട്ട സാങ്കേതിക വിദ്യയാണ്. ഇത്.
തിരക്കുകള്‍ക്കിടയില്‍ സമയം ഏറെ ലാഭിക്കാം എന്നതിനാലാണ് ഇത്തരം ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനങ്ങളിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നത്. എന്നാല്‍ നമ്മള്‍ സ്വയം തന്നെ ഇത്തരം പണകൈമാറ്റങ്ങള്‍ നടത്തുമ്പോള്‍ ചില പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. അവയില്‍ സാധാരണമായി ഉണ്ടാകുന്ന ഒന്നാണ് അക്കൗണ്ട് മാറിപ്പോവല്‍. ഈ പ്രശ്‌നം എങ്ങനെ നേരിടാം എന്നാണ് ഇവിടെ പറയുന്നത്.
കാരണങ്ങള്‍
സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇടപാടുകളാകയാല്‍ നമ്മള്‍ കൊടുക്കുന്ന വിവരങ്ങള്‍ അനുസരിച്ച് മാത്രമാണ് ആ സാങ്കേതിക വിദ്യയും പ്രവര്‍ത്തിക്കുക. അതുകൊണ്ട് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ നടത്തുമ്പോള്‍ നമ്മള്‍ കൊടുക്കുന്ന വിവരങ്ങളില്‍ കൃത്യത വരേണ്ടതുണ്ട്.
* പണം സ്വീകരിക്കേണ്ട നമ്പര്‍ മാറുക
* പണം സ്വീകരിക്കുന്ന ബാങ്ക് ശാഖയുടെ ഐ.എഫ്.എസ് കോഡ് മാറിപ്പോവുക
തുടങ്ങിയ പിഴവുകള്‍ സംഭവിക്കുമ്പോഴാണ് നമ്മള്‍ അയക്കുന്ന പണം സ്വീകര്‍ത്താവിന് ലഭിക്കാതെ വരിക, അതിന് താമസം വരിക, മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം മാറിപ്പോവുക, തുടങ്ങിയ പ്രശ്‌നങ്ങള്‍ സംഭവിക്കുന്നത്.
വളരെ പെട്ടെന്നു തന്നെ ഇതിനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് പണം തിരിച്ച് കിട്ടാത്ത അവസ്ഥവരെയുണ്ടായേക്കാം. മൊബൈല്‍ അലേര്‍ട്ട് സംവിധാനമുള്ള അക്കൗണ്ടിലേക്കാണ് പണം മാറിപ്പോയതെങ്കില്‍ ഒരു പക്ഷെ ആ അക്കൗണ്ട് ഉടമയ്ക്ക് അത് എളുപ്പത്തില്‍ മനസ്സിലാവുകയും അയാള്‍ പണം കൈക്കലാക്കാനുമുള്ള സാധ്യതയും ഉണ്ട്.
ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനങ്ങളില്‍ അക്കൗണ്ട് നമ്പറുകള്‍ അടിസ്ഥാനമാക്കിയാണ് പണക്കൈമാറ്റം നടക്കുന്നത്. അതുകൊണ്ടു തന്നെ നമ്മള്‍ പേര് കൃത്യമായി നല്‍കിയിട്ടുണ്ടെങ്കിലും കാര്യമുണ്ടാവില്ല.
തെറ്റായ വിവരങ്ങള്‍ നല്‍കി മറ്റൊരു ബാങ്കിലേക്ക് പണം മാറിപ്പോയാല്‍ ഒരു പക്ഷെ ആ അക്കൗണ്ട് നമ്പറിലുള്ള ആള്‍ക്ക് പണം കൈമാറാന്‍ സ്വീകരിച്ച ബാങ്കിന് സാധിച്ചില്ലെങ്കില്‍ അത് അവര്‍ തിരികെ അയച്ചേക്കാം. തെറ്റായ ഐ.എഫ്.എസ് കോഡ് ആണെങ്കിലും പണം ബാങ്കുകള്‍ സ്വീകരിക്കില്ല. ഈ അവസരത്തില്‍ കൃത്യസമയത്ത് പണം ലഭിക്കേണ്ട ആള്‍ക്ക് അത് ലഭിച്ചില്ലെന്നുവരും.
പരിഹാരം
* തെറ്റുപറ്റിയെന്ന് തിരിച്ചറിഞ്ഞാല്‍ പണമടച്ച ശാഖയ്ക്ക് രേഖാമൂലം കത്ത് നല്‍കുക
*അതേ ശാഖയിലുള്ള അക്കൗണ്ട് നമ്പറാണെങ്കില്‍ ഒരു പക്ഷെ ബാങ്ക് മാനേജര്‍ക്ക് സഹായിക്കാന്‍ സാധിച്ചേക്കാം.
* മറ്റേതെങ്കിലും ബാങ്കിലോ ശാഖയിലോ ഉള്ള അക്കൗണ്ടിലേക്കാണ് പണം ലഭിച്ചതെങ്കില്‍ പണമടച്ച ബാങ്കില്‍ നിന്നും ഉടന്‍തന്നെ കത്തോ സന്ദേശമോ അയപ്പിക്കുക.
* തെറ്റായി ലഭിച്ചാല്‍ പോലും പണം ലഭിച്ചയാളുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ ബാങ്കിന് അനുവാദമില്ല. അങ്ങനെ വരുമ്പോള്‍ അക്കൗണ്ട് ഉടമയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയല്ലാതെ വേറെ വഴിയില്ല. ഇതിന് ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായം തേടാം.
*എന്നിട്ടും പണം തിരിച്ചെടുക്കാനായില്ലെങ്കില്‍ പണമടച്ച ബാങ്കില്‍ നിന്നും പണം സ്വീകരിച്ച ബാങ്കില്‍ നിന്നുമുള്ള രേഖകള്‍ മുന്‍ നിര്‍ത്തി നിയമ നടപടികള്‍ സ്വീകരിക്കേണ്ടിവരും.
ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ അനിവാര്യമായ കാര്യമാണ്. നമ്മള്‍ നല്‍കുന്ന അക്കൗണ്ട് നമ്പറും ഐ.എഫ്.എസ് കോഡും കൃത്യമായിരിക്കാന്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ അത് നമ്മളുടെ സമയം നഷ്ടപ്പെടുത്തുകയോ വലിയ നഷ്ടങ്ങള്‍ വരുത്തിവെക്കുകയോ ചെയ്‌തേക്കാം.