| Wednesday, 1st February 2017, 10:22 am

മക്കളുടെ അനുവാദമില്ലാതെ ചികിത്സ തീരുമാനിക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയത്: ആശുപത്രിക്കെതിരെ ഇ. അഹമ്മദിന്റെ മക്കള്‍ പൊലീസില്‍ പരാതി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച തങ്ങളുടെ പിതാവിനെ കാണാന്‍പോലും അനുവദിക്കാതിരുന്ന ആശുപത്രി അധികൃതര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇ. അഹമ്മദിന്റെ മക്കള്‍.

ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.  ഇ. അഹമ്മദിന്റെ മക്കളായ നസീര്‍ അഹമ്മദ്, റഈസ് അഹമ്മദ്, മരുമകന്‍ ബാബു ഷെര്‍ഷാദ് എന്നിവരാണ് ആശുപത്രിക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത്.

വിവരമറിഞ്ഞ ഉടനെ തന്നെ ആശുപത്രിയിലെത്തിയ തങ്ങളോട് തികച്ചും മോശമായ രീതിയിലാണ് ആശുപത്രി അധികൃതര്‍ പെരുമാറിയത്.


മക്കളുടെ അനുവാദമില്ലാതെ ചികിത്സ തീരുമാനിക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയത്. ഇക്കാര്യത്തില്‍ എന്താണ് ഇവര്‍ക്ക് മറച്ചുവെക്കാനുള്ളതെന്നും ഇവര്‍ ചോദിച്ചു

അത്യാസന്ന നിലയിലുള്ള പിതാവിന്റെ അരികിലിരുന്ന് ഖുര്‍ആന്‍ പാരായണം നടത്തണമെന്ന ആഗ്രഹം പോലും ആശുപത്രി അധികൃതര്‍ നിഷേധിക്കുകയായിരുന്നു. പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാനുള്ള മക്കളുടെ ബാധ്യതയാണ് ഇതിലൂടെ ഇല്ലാതാക്കിയതെന്നും ഇവര്‍ കുറ്റപ്പെടുത്തി.

അഹമ്മദ് ആശുപത്രിയിലായതറിഞ്ഞ് വൈകിട്ട് ആറ് മണിയോടെ ആശുപത്രിയിലെത്തിയ മക്കളായ ഡോ. ഫൗസിയയെയും നസീര്‍ അഹമ്മദിനെയും പിതാവിനെ കാണാന്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ വാക്കേറ്റമുണ്ടായപ്പോള്‍ മകള്‍ ഫൗസിയക്ക് ഇ. അഹമ്മദിനെ അഞ്ചു സെക്കന്‍ഡ് ചില്ലിനകത്ത് കൂടെ കാണാന്‍ മാത്രമാണ് അനുമതി നല്‍കിയത്.

ഇന്നലെ രാത്രി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ ആശുപത്രിയില്‍ എത്തിയെങ്കിലും ഇവരേയും കാണാന്‍ അനുവദിച്ചിരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു ഇതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ഐ.സി.യുവില്‍ നിന്ന് ഉച്ചയോടെ വെന്റിലേറ്ററിലേക്ക് മാറ്റിയ ഇ അഹമ്മദിന്റെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും പുലര്‍ച്ചെ മരണം സ്ഥിരീകരിക്കുന്നത് വരെ ലഭിച്ചിരുന്നില്ല. സന്ദര്‍ശകരെ പൂര്‍ണ്ണമായും വിലക്കിയിരുന്നു. ചികിത്സാ വിവരങ്ങള്‍ കൈമാറാനും അധികൃതര്‍ തയ്യാറായിരുന്നില്ല.

We use cookies to give you the best possible experience. Learn more