ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ ചികിത്സയും മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകള്‍ പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 56 എം.പിമാര്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറിയെങ്കിലും അദ്ദേഹം യാതൊരു പ്രതികരണവും അറിയിച്ചില്ലെന്ന് നേതാക്കള്‍.
കേരളത്തില്‍നിന്നുള്ള എം.പിമാരുടെ നേതൃത്വത്തിലാണ് നരേന്ദ്രമോദിക്ക് നിവേദനം കൈമാറിയത്. തങ്ങളുടെ പരാതി വാങ്ങിവെച്ചതല്ലാതെ, അന്വേഷണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി യാതൊന്നും പ്രതികരിച്ചില്ലെന്ന് എം.പിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിഷയത്തില്‍ മനുഷ്യാവകാശ കമീഷനെ സമീപിക്കുന്നതടക്കമുള്ള മറ്റു തുടര്‍നടപടികള്‍ ആലോചിക്കുന്നുണ്ടെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. രാഘവന്‍, പി.വി. അബ്ദുല്‍ വഹാബ് എന്നിവര്‍ പറഞ്ഞു.
അഹമ്മദിനെ പരിശോധിച്ച 40 പേരടങ്ങുന്ന വിദഗ്ധസംഘം എങ്ങനെ ഗൂഢാലോചന നടത്തുമെന്ന ആര്‍.എം.എല്‍ സൂപ്രണ്ട് നടത്തിയ വിശദീകരണം കളവാണ്. ഇ. അഹമ്മദിന്റെ മൃതദേഹത്തോട് നടത്തിയ ക്രൂരത പ്രധാനമന്ത്രിയുടെ അറിവോടെയാണെന്ന് എം.പിമാര്‍ പറഞ്ഞു.
പാരമ്പര്യമുള്ള ആശുപത്രിയാണ് ആര്‍.എം.എല്‍. മെഡിക്കല്‍ എത്തിക്‌സിന് നിരക്കാത്ത കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ സര്‍ക്കാറിന്റെ ഗൂഢാലോചനയുടെ ഭാഗമായി ചെയ്തതെന്നും എം.പിമാര്‍ ആരോപിക്കുന്നു.
ബജറ്റ് അവതരണം നടക്കുന്നതിന്റെ തലേ ദിവസം പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അഹമ്മദ് അവിടെ വെച്ച് തന്നെ മരണപ്പെട്ടിരുന്നു. എന്നാല്‍ ബജറ്റ് അവതരണം മുടങ്ങരുതെന്നു കരുതി ഇ. അഹമ്മദിന്റെ മരണവിവരം കേന്ദ്രസര്‍ക്കാര്‍ മറച്ചുവെക്കുകയായിരുന്നു.
മരണാനന്തര കര്‍മങ്ങള്‍ക്കുള്ള നടപടി സ്വീകരിക്കന്‍ ഒരുങ്ങുമ്പോഴാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ് ആശുപത്രിയിലത്തെുന്നത്. എല്ലാവരെയും മാറ്റിനിര്‍ത്തി അദ്ദേഹം ആര്‍.എം.എല്‍ സൂപ്രണ്ടിനെ കണ്ട ശേഷമാണ് കാര്യങ്ങള്‍ മാറിമറിഞ്ഞതെന്നും എം.പിമാര്‍ പറഞ്ഞു.