ന്യൂദല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാര്‍ലെമെന്റിനുള്ളില്‍ കുഴഞ്ഞു വീണ മുസ്‌ലിം ലീഗ് നേതാവ് ഇ. അഹമ്മദിന്റെ മരണവിവരം കേന്ദ്ര സര്‍ക്കാരും ആശുപത്രി അധികൃതരും മറച്ചുവെക്കുകായിരുന്നുവെന്ന ആരോപണവുമായി ബന്ധുക്കളും പ്രവര്‍ത്തകരും.
ഇ. അഹമ്മദ് പാര്‍ലമെന്റിനുള്ളില്‍ വെച്ചു തന്നെ മരണത്തിന് കീഴടങ്ങിയെന്നും ഇന്ന് പൊതുബജറ്റ് നടക്കുന്നതിനാല്‍ മരണവിവരം മറച്ചുവെച്ചെന്നുമാണ് ആരോപണം. സിറ്റിംങ് അംഗം മരിക്കുകയാണെങ്കില്‍ ഒരു ദിവസം സഭയ്ക്ക് അവധി നല്‍കണമെന്നാണ് എന്നാല്‍ ബജറ്റവതരണം തടസപ്പെടാതിരിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം മറച്ചുവെച്ചെന്നാണ് ആരോപണം.
ഐ.സി.യുവില്‍ നിന്ന് ഉച്ചയോടെ വെന്റിലേറ്ററിലേക്ക് മാറ്റിയ ഇ അഹമ്മദിന്റെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും പുലര്‍ച്ചെ മരണം സ്ഥിരീകരിക്കുന്നത് വരെ ലഭിച്ചിരുന്നില്ല. സന്ദര്‍ശകരെ പൂര്‍ണ്ണമായും വിലക്കിയിരുന്നു. ചികിത്സാ വിവരങ്ങള്‍ കൈമാറാനും അധികൃതര്‍ തയ്യാറായിരുന്നില്ല.
അഹമ്മദ് ആശുപത്രിയിലായതറിഞ്ഞ് വൈകിട്ട് ആറ് മണിയോടെ ആശുപത്രിയിലെത്തിയ മക്കളായ ഡോ. ഫൗസിയയെയും നസീര്‍ അഹമ്മദിനെയും പിതാവിനെ കാണാന്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ വാക്കേറ്റമുണ്ടായപ്പോള്‍ മകള്‍ ഫൗസിയക്ക് ഇ. അഹമ്മദിനെ അഞ്ചു സെക്കന്‍ഡ് ചില്ലിനകത്ത് കൂടെ കാണാന്‍ മാത്രമാണ് അനുമതി നല്‍കിയത്.
ഓപണ്‍ ഐസിയുവിലായിരുന്ന അഹമ്മദിനെ ട്രോമാ കെയര്‍ വിഭാഗത്തിലേക്ക് മാറ്റിയപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ മൂടിയിരുന്നുവെന്ന് കൂടെയുണ്ടായിരുന്നയാള്‍ പറഞ്ഞതായി ഔട്ട്‌ലുക്ക് മാധ്യമപ്രവര്‍ത്തകനും മലയാളിയുമായ പി.ടി തുഫൈല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇ. അഹമ്മദിനെ കാണാനെത്തിയ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിരെയും തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആ.എം.എല്‍ ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിച്ചിരുന്നു.
രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഡോക്ടര്‍മാരായ മകളുടെയും മരുമകന്റെയും സാന്നിധ്യത്തില്‍ അഹമ്മദിനെ പരിശോധിക്കണമെന്ന ആവശ്യം പരിഗണിക്കുന്നതിന് പകരം കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ അണിനിരത്തി ഭീതി സൃഷ്ടിക്കുകയാണ് അധികൃതര്‍ ചെയ്തത്.
ആശുപത്രി അധികൃതരുടെ നടപടിയില്‍ എം.പിമാരായ എം.കെ രാഘവന്‍, ആന്റോ ആന്റണി, ഇ.ടി മുഹമ്മദ് ബഷീര്‍, എ.പി അബ്ദുല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായി. ഇതോടെയാണ് മക്കള്‍ക്കും മരുമകനും വെന്റിലേറ്ററിലേക്ക് പ്രവേശം നല്‍കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തത്.