കേന്ദ്ര സര്‍ക്കാര്‍ നുണ പ്രചരണങ്ങള്‍ പൊളിയുന്നു: ഇ അഹമ്മദിനെ മാറ്റിക്കിടത്താന്‍ കാര്‍ഡിയാക് ഐ.സി.യു നല്‍കിയില്ല
Daily News
കേന്ദ്ര സര്‍ക്കാര്‍ നുണ പ്രചരണങ്ങള്‍ പൊളിയുന്നു: ഇ അഹമ്മദിനെ മാറ്റിക്കിടത്താന്‍ കാര്‍ഡിയാക് ഐ.സി.യു നല്‍കിയില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th February 2017, 9:36 am

ഹൃദയാഘാതമുണ്ടാകുന്നവരെ പ്രവേശിപ്പിക്കേണ്ട കാര്‍ഡിയാക് ഐ.സി.യുവില്‍ അഹമ്മദിനെ പ്രവേശിപ്പിച്ചിരുന്നില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്.


ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ഹൃദയാഘാതം മൂലം കുഴഞ്ഞ് വീണ എം.പി ഇ അഹമ്മദിനെ വിദഗ്ദ ചികിത്സക്കായാണ് ആശുപത്രിയില്‍ കിടത്തിയതെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ തെറ്റെന്ന് റിപ്പോര്‍ട്ടുകള്‍. ഹൃദയാഘാതമുണ്ടാകുന്നവരെ പ്രവേശിപ്പിക്കേണ്ട കാര്‍ഡിയാക് ഐ.സി.യുവില്‍ അഹമ്മദിനെ പ്രവേശിപ്പിച്ചിരുന്നില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്.


Also read ബി.ജെ.പി പറഞ്ഞു പറ്റിച്ചു; ആ നെറികേടിന്റെ തിക്തഫലം അവരനുഭവിക്കും: സി.കെ ജാനു 


ഇ അഹമ്മദിന്റെ നാഡിമിടിപ്പ് നിലച്ചിട്ടും പിറ്റേന്ന് പുലര്‍ച്ചവരെ ആശുപത്രിയില്‍ കിടത്തിയത് വിദഗ്ദ ചികിത്സക്കാണെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഹൃദയസ്തംഭനം ഉണ്ടാകുന്നവരെ പ്രവേശിപ്പിക്കുക കാര്‍ഡിയാക് ഐ.സിയുവില്‍ ആണെന്നിരിക്കെ അഹമ്മദിന പ്രവേശിപ്പിച്ചിരുന്നത് ട്രോമ ഐ.സി.യുവിലായിരുന്നു.

ദല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ നഴ്‌സിംഗ് ഹോമിലേക്കായിരുന്നു അഹമ്മദിനെ പാര്‍ലമെന്റില്‍ നിന്ന് ആദ്യം കൊണ്ടു പോയിരുന്നത്. ഇവിടെ ഹ്യദയാഘാതമുണ്ടാകുന്നവര്‍ക്ക് നല്‍കുന്ന ചികിത്സ തന്നെയായിരുന്ന അഹമ്മദിന് ആശുപത്രി അധികൃതര്‍ നല്‍കിയത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആശുപത്രിയില്‍ എത്തി അടച്ചിട്ട മുറിയില്‍ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു നഴ്‌സിംങ് ഹോം ഐ.സി.യുവില്‍ നിന്ന് അഹമ്മദിനെ മാറ്റിയത്.

ഗുരുതരാവസ്ഥയിലായിരുന്നെങ്കില്‍ മാറ്റേണ്ടിയിരുന്ന കാര്‍ഡിയാക് ഐ.സി.യുവിലേക്കായിരുന്നില്ല അഹമ്മദിനെ കൊണ്ടുപോയത്. നഴ്‌സിംങ് ഹോം ഐ.സി.യുവില്‍ നിന്ന് ട്രോമ ഐ.സി.യുവിലേക്കാണ് അഹമ്മദിനെ മാറ്റിയത്. കാര്‍ഡിയാക് ഐ.സി.യു ആദ്യം കിടത്തിയിരുന്ന സ്ഥലത്തിന് വളരെ അടുത്തായിരുന്നിട്ടും ട്രോമയിലേക്ക് മാറ്റിയത് സംശയം ഉണര്‍ത്തുന്നതാണ്. അതിഗുരുതരാവസ്ഥയിലുള്ള രോഗിയാണെന്ന് ട്രോമ ഐ.സി.യുവിന് മുന്നില്‍ നോട്ടീസ് പതിക്കുകയും അധികൃതര്‍ ചെയ്തിരുന്നു.