അഹമ്മദിന്റെ മരണം മറച്ചുവെച്ച ആശുപത്രി അധികൃതരുടെ നടപടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം; ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്
India
അഹമ്മദിന്റെ മരണം മറച്ചുവെച്ച ആശുപത്രി അധികൃതരുടെ നടപടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം; ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd February 2017, 10:35 am

e-ahammed

ന്യൂദല്‍ഹി: എം.പിയും മുന്‍കേന്ദ്രമന്ത്രിയുമായിരുന്ന ഇ അഹമ്മദിന്റെ മരണം മറച്ചുവെച്ച ആര്‍.എം.എല്‍. ആശുപത്രി അധികൃതരുടെ നടപടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്.

സമ്പത്ത് എംപിയാണ് നോട്ടീസ് നല്‍കിയത്. ആര്‍എംഎല്‍ ആശുപത്രി അധികൃതര്‍ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും കുടുംബാംഗങ്ങളെപ്പോലും കാണിക്കാന്‍ കൂട്ടാക്കിയില്ലെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നുമാണ് ആവശ്യം.

അഹമ്മദിനും കുടുംബത്തിനും ആശുപത്രിയില്‍ നേരിടേണ്ടിവന്ന സാഹചര്യം ജനങ്ങളോട് വിശദീകരിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ബജറ്റ് അവതരണം മുടങ്ങരുതെന്നു കരുതി ഇ. അഹമ്മദിന്റെ മരണവിവരം കേന്ദ്രസര്‍ക്കാര്‍ മറച്ചുവെക്കുകയായിരുന്നുവെന്ന് നരത്തെ ആരോപണമുയര്‍ന്നിരുന്നു.


ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആസ്പത്രിയിലെത്തിക്കുമ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നുവെന്നും ഇക്കാര്യം മനപ്പൂര്‍വം മറച്ചുവെച്ചതാണെന്നുമാണ് ആരോപണം.

എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം നവമാധ്യമങ്ങള്‍ വഴി പങ്കുവെക്കുകയും തുടര്‍ന്ന് നടത്തിയ ഇടപെടലിനെത്തുടര്‍ന്നുമാണ് അടുത്തദിവസം പുലര്‍ച്ചെ രണ്ടേകാലോടെ അഹമ്മദിന്റെ മരണം സ്ഥിരീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായത്.

ഐ.സി.യുവിന് മുന്നില്‍ മണിക്കൂറുകളോളം കാത്തുനിന്നും അഹമ്മദിന്റെ മക്കളെയും മരുമകനെയും അദ്ദേഹത്തെ കാണാന്‍ അധികൃതര്‍ സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള നേതാക്കള്‍ ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷമാണ് അഹമ്മദിനെ കാണാന്‍ മക്കള്‍ക്ക് സാധിച്ചത്. ഇവര്‍ അഹമ്മദിനെ കണ്ടതിന് ശേഷമാണ് മരണം സ്ഥിരീകരിക്കുന്നത്.