തിരുവനന്തപുരം: ഇ. അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്.
ഇ. അഹമ്മദിന്റെ കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കാകെയും ഉണ്ടായിട്ടുള്ള ആശങ്കകളുടെ വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ മുഴുവന്‍ സംഭവങ്ങളും അന്വേഷിക്കണം. എം.പിയെന്ന നിലയില്‍ ആശുപത്രി ജീവനക്കാര്‍ സ്വീകരിച്ച നടപടിയില്‍ ഗൗരവമായ ആശങ്കയാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇത്തരമൊരു സാഹചര്യത്തില്‍ മാനുഷികമായ സമീപനമാണ് വേണ്ടിയിരുന്നതെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളുണ്ടാവണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേ സമയം ഇ അഹമ്മദിന്റെ ദില്ലിയിലെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചതില്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Read more: ഇ. അഹമ്മദ് ചൊവ്വാഴ്ച തന്നെ മരിച്ചിരുന്നു: പി.വി അബ്ദുല്‍ വഹാബ്
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന പാര്‍ലമെന്റ് അംഗം ശ്രീ ഇ അഹമ്മദിന്റെ കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കാകെയും ഉണ്ടായിട്ടുള്ള ആശങ്കകളുടെ വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ മുഴുവന്‍ സംഭവങ്ങളും വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളുണ്ടാവണം.
പാര്‍ലമെന്റിനുള്ളില്‍ കുഴഞ്ഞുവീണ ഇ അഹമ്മദിനെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്കാണ് നേരിട്ട് കൊണ്ടുപോയത്. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ആശുപത്രിയില്‍ പ്രത്യേക പരിഗണന നല്‍കുന്ന കാര്യത്തിലും അദ്ദേഹത്തിന്റെ സഹപവ്രര്‍ത്തകരായ പാര്‍ലമെന്റ് അംഗങ്ങളോടും കുടുംബാംഗങ്ങളോടും ആശുപത്രി ജീവനക്കാര്‍ സ്വീകരിച്ച സമീപനത്തിന്റെ കാര്യത്തിലും ഗൗരവമായ ആശങ്കയാണ് ഉണ്ടായിട്ടുള്ളത്. ഇങ്ങനെ ഒരു സാഹചര്യത്തില്‍ മാനുഷികമായ സമീപനമാണ് വേണ്ടിയിരുന്നത് എന്ന് പറയാതെ വയ്യ.
ഇ അഹമ്മദിന്റെ ദില്ലിയിലെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചതില്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു.