ഒരു നോക്ക് കാണാനോ, അടുത്ത് ചെന്നിരുന്ന് പ്രാര്‍ത്ഥിക്കാനോ കേണപേക്ഷിച്ചിട്ടും അനുവദിച്ചില്ല.
ന്യൂദല്‍ഹി: ഇ. അഹമ്മദ് മരണവിവരം മറച്ചുവെച്ചതിലുള്ള പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പരസ്യമായി പ്രകടിപ്പിച്ച് അഹമ്മദിന്റെ മകള്‍ ഫൗസിയ. ബുധനാഴ്ച രാവിലെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയെത്തിയപ്പോഴാണ് ഫൗസിയ പ്രതിഷേധം അറിയിച്ചത്.
“ആ മുഖത്തേക്കൊന്നു നോക്കൂ, ഇതെങ്ങനെ സംഭവിച്ചെന്ന് അന്വേഷിക്കണം” പ്രധാനമന്ത്രിയോട് ഫൗസിയ പറഞ്ഞു. ഫൗസിയയുടെ വികാരപ്രകടനത്തിനു മുമ്പില്‍ മറുപടിയില്ലാതെ നില്‍ക്കുകയായിരുന്നു മോദി.
മുപ്പതുവര്‍ഷം പാര്‍ലമെന്റിലുണ്ടായിരുന്ന വ്യക്തിയാണ് ഈ കിടക്കുന്നത്. അഹമ്മദിനെ ചൂണ്ടി ഫൗസിയ മോദിയോടു പറഞ്ഞു.
“പിതാവിനെ കാണാന്‍ അഞ്ചു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. തീര്‍ത്തും മോശമായാണ് ആശുപത്രി അധികൃതര്‍ പെരുമാറിയത്. ഒരു നോക്ക് കാണാനോ, അടുത്ത് ചെന്നിരുന്ന് പ്രാര്‍ത്ഥിക്കാനോ കേണപേക്ഷിച്ചിട്ടും അനുവദിച്ചില്ല.” ഫൗസിയ പറഞ്ഞു.
ദുബൈ വിമന്‍സ് മെഡിക്കല്‍ കോളജിലെ പ്രഫസറാണ് ഡോ. ഫൗസിയ.
ആറുമണിക്കൂര്‍ പുറത്തു കാത്തുനിന്ന ശേഷമാണ് പിതാവിനെ ഞങ്ങള്‍ക്ക് ഒരു നോക്കു കാണാനായതെന്ന് മറ്റു ബന്ധുക്കളും പറഞ്ഞു. ഇ അഹമ്മദിന് അര്‍ഹിച്ച ആദരം ലഭിച്ചില്ലെന്നും ആത്മശാന്തിക്കായുള്ള പ്രാര്‍ത്ഥനകളും മറ്റും നടത്താന്‍ തങ്ങള്‍ക്ക് അവസരം ലഭിച്ചില്ലെന്നും അദ്ദേഹത്തിന്റെ മറ്റു മക്കളും പരാതിപ്പെട്ടു.
തുടര്‍ന്ന് താന്‍ അന്വേഷിക്കാം എന്ന മറുപടി നല്‍കി പ്രധാനമന്ത്രി മടങ്ങുകയായിരുന്നു.