ഇ. അഹമ്മദ് ആശുപത്രിയില്‍ നേരിട്ടത് ക്രൂരമായ അതിക്രമം: മക്കള്‍
Kerala
ഇ. അഹമ്മദ് ആശുപത്രിയില്‍ നേരിട്ടത് ക്രൂരമായ അതിക്രമം: മക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th February 2017, 7:28 pm

ഒരു രോഗിയോടും ചെയ്യാന്‍ പാടില്ലാത്തതാണ് ആര്‍.എം.എല്‍ ആശുപത്രിയില്‍ നടന്നത്. രോഗിക്ക് 15 മിനിറ്റ് മാത്രം ഉപയോഗിക്കേണ്ട ഉപകരണം മണിക്കൂറുകളോളമാണ് ഉപയോഗിച്ചതെന്നും മക്കള്‍ പറഞ്ഞു.


മലപ്പുറം: ഇ.അഹമ്മദിന് ദല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയില്‍ നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണമെന്ന് മക്കളായ ഫൗസിയയും നസീര്‍ അഹമ്മദ് കുട്ടിയും. ഒരു രീതിയിലുള്ള മനുഷ്യത്വവും ആശുപത്രി അധികൃതര്‍ ഇ. അഹമ്മദിനോട് കാണിച്ചില്ലെന്നും ഈ നീതികേട് ഇനി ആരോടും ഉണ്ടാകരുതെന്നും മക്കള്‍ മീഡിയവണ്‍ ടി.വിയോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നടപടി എടുക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായി മകള്‍ ഫൗസിയ പറഞ്ഞു.  ഒരു രോഗിയോടും ചെയ്യാന്‍ പാടില്ലാത്തതാണ് ആര്‍.എം.എല്‍ ആശുപത്രിയില്‍ നടന്നത്. രോഗിക്ക് 15 മിനിറ്റ് മാത്രം ഉപയോഗിക്കേണ്ട ഉപകരണം മണിക്കൂറുകളോളമാണ് ഉപയോഗിച്ചതെന്നും മക്കള്‍ പറഞ്ഞു.

ബ്രെയിന്‍ ഫങ്ഷന്‍ ടെസ്റ്റ് നടത്താതെ എഗ്മോ ചെയ്യാന്‍ ശ്രമിച്ചു. രാജ്യത്തുള്ള മുഴുവന്‍ ആരോഗ്യ വിദഗ്ധരും ആശുപത്രി അധികൃതരുടെ നടപടിയില്‍ ലജ്ജിക്കണം. നീതി കിട്ടാനുള്ള നടപടികള്‍ സ്വീകരിക്കും. പിതാവിന്റെ മുഖം വികൃതമായ രീതിയിലാണ് കാണപ്പെട്ടത്. ഇതിന് ആര്‍.എം.എല്‍ ആശുപത്രി അധികൃതര്‍ വിശദീകരണം നല്‍കണമെന്നും മക്കള്‍ ആവശ്യപ്പെട്ടു.

ahammed

 

ആശുപത്രി അധികൃതരുടെ നടപടികള്‍ക്കെതിരെ നേരത്തെ ഇ അഹമ്മദിന്റെ മക്കളായ നസീര്‍ അഹമ്മദ്, റഈസ് അഹമ്മദ്, മരുമകന്‍ ബാബു ഷെര്‍ഷാദ് എന്നിവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മക്കളുടെ അനുവാദമില്ലാതെ ചികിത്സ തീരുമാനിക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയത്. ഇക്കാര്യത്തില്‍ എന്താണ് ഇവര്‍ക്ക് മറച്ചുവെക്കാനുള്ളതെന്നും അത്യാസന്ന നിലയിലുള്ള പിതാവിന്റെ അരികിലിരുന്ന് ഖുര്‍ആന്‍ പാരായണം നടത്തണമെന്ന ആഗ്രഹം പോലും ആശുപത്രി അധികൃതര്‍ നിഷേധിക്കുകയായിരുന്നെന്നും മക്കള്‍ പറഞ്ഞിരുന്നു.


Read more: ദളിതുകളും ആദിവാസികളും മോദിക്ക് വോട്ടുബാങ്ക് മാത്രമാണ്: മായാവതി