| Monday, 20th June 2016, 11:46 am

ഇ. അഹമ്മദിന്റെ പാര്‍ലമെന്റ് ജീവിതത്തിന് 25 വയസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസ്‌ലിം ലീഗിന്റെ ദേശീയ അദ്ധ്യക്ഷന്‍ ഇ. അഹമ്മദിനെ കേരളം പാര്‍ലമെന്റിലേക്ക് പറഞ്ഞയച്ചിട്ട് ഇന്നേക്ക് 25 വര്‍ഷം തികയുന്നു. ഇബ്രാഹീം സുലൈമാന്‍ സേട്ടിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ഒരേയൊരാള്‍ ഇ. അഹമ്മദാണ്.

കണ്ണൂരിലെ കച്ചവടക്കാരായ ഓവിന്റകത്ത് വീട്ടില്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും എടപ്പകത്ത് നഫീസാ ബീവിയുടെയും മകനായി ജനിച്ച ഇ. അഹമ്മദിന്റെ കന്നി ലോക്‌സഭാ പോരാട്ടം 1991ല്‍ മഞ്ചേരിയിലാണ്. ഇതിന് ശേഷം തന്റെ തട്ടകം ദല്‍ഹിയാക്കി മാറ്റിയ ഇ. അഹമ്മദ് 91, 96,98, 99, 2004, 2009, 2014 വര്‍ഷങ്ങളില്‍ ലോക്‌സഭയിലെത്തി.

ലീഗിന്റെ ചരിത്രത്തിലെ ആദ്യ കേന്ദ്രമന്ത്രിയാണ് അഹമ്മദ്.  രണ്ടുതവണയാണ് അദ്ദേഹം കേന്ദ്രസഹമന്ത്രിയായിരുന്നത്. റെയില്‍വെ, വിദേശകാര്യം, മാനവ വിഭവശേഷി വികസനം തുടങ്ങിയ വകുപ്പുകളിലാണ് അദ്ദേഹം സഹമന്ത്രിയായിരുന്നത്.

കെ.എം. സീതി സാഹിബിന്റെ ശിഷ്യന്‍ എന്ന നിലയിലൂടെ അറിയപ്പെട്ട ഇ. അഹമ്മദ് വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിന്റെ അദ്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയായാണ് നേതൃ നിരയിലെത്തുന്നത്. വിദ്യാര്‍ത്ഥിയായിരിക്കെ ചന്ദ്രിക ദിനപത്രത്തില്‍ ലേഖകനായിരുന്നു ഇ. അഹമ്മദ്. തലശ്ശേരി ബ്രണ്ണന്‍ കോളേജ്, തിരുവനന്തപുരം ലോ കോളേജ്, എന്നിവിടങ്ങളിലാണ് അഹമ്മദ് പഠനം പൂര്‍ത്തിയാക്കിയത്.

എം.പിയാകുന്നതിന് മുമ്പ് 1967ല്‍ കണ്ണൂരില്‍ നിന്നും പിന്നീട് കൊടുവള്ളിയില്‍ നിന്നും അതിന് ശേഷം തുടര്‍ച്ചയായി മൂന്നു തവണ താനൂരില്‍ നിന്നും ഇ. അഹമ്മദ് എം.എല്‍.എ ആയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more