തിരുവനന്തപുരം: പോക്‌സോ കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പേര് പറയണമെന്ന് ഡി.വൈ.എസ്.പി റസ്റ്റം ഭീഷണിപ്പെടുത്തിയതായി മോണ്‍സന്‍ മാവുങ്കല്‍. 25 ലക്ഷം കൈപ്പറ്റിയെന്ന് പറയണമെന്നും മോന്‍സണ്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയോട് പറഞ്ഞു. മോന്‍സണ് ഭക്ഷണം കഴിച്ചതിന്റെ ബാക്കി എച്ചില്‍ കൊടുത്താല്‍ മതിയെന്നും ഡി.വൈ.എസ്.പി പറഞ്ഞതായി അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘പീഡനസമയത്ത് ഇപ്പോള്‍ ആരോപിക്കപ്പെട്ടിരിക്കുന്ന വ്യക്തിയുടെ പേര് കൂടെ പറയണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് മോണ്‍സന്‍ മാവുങ്കല്‍ കോടതിയില്‍ പറഞ്ഞത്. പിന്നെ 25 ലക്ഷം കൈപ്പറ്റിയെന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു.
ഇവന് ഭക്ഷണം കൊടുക്കണ്ട, കഴിച്ചതിന്റെ ബാക്കി എച്ചില്‍ കൊടുത്താല്‍ മതിയെന്നും പറഞ്ഞു.
നീ രാജാവിനെപ്പോലെയല്ലേ കഴിഞ്ഞിരുന്നത്, രാജാവ് തോറ്റ് കീഴടങ്ങിയാല്‍ രാജാവിന്റെ ഭാര്യയെയും മക്കളെയുമൊക്കെ ജയിച്ചയാള്‍ അടിമയാക്കും എന്ന രീതിയിലുള്ള സംഭാഷണം നടന്നുവെന്നും അദ്ദേഹം കോടതിയോട് പറഞ്ഞിട്ടുണ്ട്.
ജയില്‍ സൂപ്രണ്ട് വഴി കോടതിക്ക് ഇന്ന് തന്നെ പരാതി കൊടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്,’ അഭിഭാഷകന്‍ പറഞ്ഞു.
മോണ്‍സന്‍ മാവുങ്കല്‍ തന്നെ പീഡിപ്പിക്കുമ്പോള്‍ കെ.സുധാകരന്റെ സാന്നിധ്യമുണ്ടായിരുന്നെന്ന് അതിജീവിതയുടെ മൊഴിയുണ്ടെന്ന് ദേശാഭിമാനി പത്രത്തെ മുന്‍നിര്‍ത്തി എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. ആ വിവാദങ്ങള്‍ക്കിടയിലാണ് മോന്‍സണ്ണിന്റെ മൊഴിയും വരുന്നത്.
പോക്സോ കേസില്‍ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. വിശദമായ വാദങ്ങള്‍ക്ക് ശേഷം എറണാകുളം ജില്ലാ പോക്സോ കോടതി ജഡ്ജി കെ. സോമനാണ് വിധി പ്രസ്താവിച്ചത്. 27 സാക്ഷികളെ കേസില്‍ കോടതി വിസ്ഥരിച്ചിരുന്നു.
കേസില്‍ മോണ്‍സന്‍ മാവുങ്കല്‍ കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 13 വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ 10 വകുപ്പുകളിലാണിപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.
ബലാത്സംഗം അടക്കമുള്ള കുറ്റത്തിനാണ് ശിക്ഷാവിധി. പോക്സോ വകുപ്പ് പ്രകാരം ഒരു ലക്ഷം രൂപ പിഴയും ജീവപര്യന്തം തടവുമാണ് ശിക്ഷ. മറ്റ് വകുപ്പുകളിലെ ശിക്ഷ ഉള്‍പ്പടെ അഞ്ച് ലക്ഷത്തിലധികം രൂപ പിഴ വിധിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസം വാഗ്ദാനം നല്‍കി വീട്ടുജീവനക്കാരിയുടെ മകളെ കലൂരിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. 17 വയസുകാരിയായ കുട്ടിയെ ഒന്നിലധികം തവണ പീഡനത്തിനിരയാക്കിയതായി പരാതിയുണ്ടായിരുന്നു.
2019നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തിരുന്നത്. പുരാവസ്തു തട്ടിപ്പ് കേസില്‍ 2021ലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ഇതിന് ശേഷമാണ് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുന്നത്. മോണ്‍സന്റെ സ്വാധീനം ഭയന്നാണ് മുന്‍പ് പരാതി നല്‍കാതിരുന്നെന്നാണ് പെണ്‍കുട്ടിയുടെ മാതാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നത്.
മോണ്‍സനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ആദ്യത്തെ വിധിയാണിത്. വിവിധ വിഷയങ്ങളില്‍ 16 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. അതില്‍ ഈ പോക്‌സോ കേസടക്കം നാല് പീഡനക്കേസുകളുണ്ട്.
content highlights: DYSP threatened to mention Sudhakaran’s name in POCSO case: Monsan Mavunkal