| Wednesday, 11th May 2022, 4:29 pm

വാളയാര്‍ കേസില്‍ ഡി.വൈ.എസ്.പി സോജനെതിരെ ക്രിമിനല്‍ കേസെടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസന്വേഷിച്ചിരുന്ന ഡി.വൈ.എസ്.പി സോജനെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് കോടതി. പാലക്കാട് പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി.

വാളയാര്‍ കേസില്‍ ഡി.വൈ.എസ്.പി സോജന് വീഴ്ച പറ്റിയെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടികള്‍ ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന സോജന്റെ പരാമര്‍ശവും ഏറെ വിവാദമായിരുന്നു.

അട്ടിമറികളേറെ നടന്ന സമാനതകളില്ലാത്ത കേസ് കൂടിയാണ് വാളയാറിലെ പെണ്‍കുട്ടികളുടെ മരണം. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് നാലിന് ഇളയ മകളായ ഒമ്പത് വയസുകാരിയേയും ഇതേ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

വീടിന്റെ ഉത്തരത്തില്‍ ഒമ്പത് വയസുകാരിക്ക് തൂങ്ങാനാവില്ലെന്ന വാദങ്ങള്‍ ഉയര്‍ന്നതോടെയാണ് സംഭവത്തില്‍ സംശയം ബലപ്പെടുന്നത്. 13കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്ന ഒമ്പതുകാരിയുടെ മരണം കൊലപാതകമാകാമെന്ന നിഗമനം അന്വേഷണ ഉദ്യോഗസ്ഥരും മുന്നോട്ടുവച്ചു. ഇതോടെ മാര്‍ച്ച് ആറിനാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നത്.

അന്നത്തെ എ.എസ്.പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം സംഘം തൊട്ടടുത്ത ദിവസം തന്നെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തെത്തിച്ചിരുന്നു. മരിച്ച രണ്ട് പെണ്‍കുട്ടികളും പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരായായിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ണായക വെളിപ്പെടുത്തല്‍.

ഇതിനു പിന്നാലെ ആദ്യ കുട്ടിയുടെ മരണം അന്വേഷിച്ച പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണവും ഉയര്‍ന്നു. പിന്നീട് അന്വേഷണ സംഘം പുനസംഘടിപ്പിക്കുകയും പ്രാരംഭ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ വാളയാര്‍ എസ്.ഐ പി.സി ചാക്കോയെ സംഘത്തില്‍ നിന്ന് ഒഴിവാക്കുകും ചെയ്തു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല അന്നത്തെ പാലക്കാട് നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.ജെ സോജനും നല്‍കി. വാളയാര്‍ എസ്.ഐ പി.സി ചാക്കോയ്ക്ക് സസ്‌പെന്‍ഷനും ഡി.വൈ.എസ്.പി വാസുദേവന്‍, സി.ഐ വിപിന്‍ ദാസ് എന്നിവര്‍ക്കെതിരെ വകുപ്പു തല അന്വേഷണത്തിനും ഇതോടെ ഉത്തരവായി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാമ്പാംപള്ളം സ്വദേശി വി. മധു, രാജാക്കാട് സ്വദേശി ഷിബു എന്നിവരെ സംഘം അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് പത്തിന് രണ്ടു പേരെക്കൂടി അറസ്റ്റ് ചെയ്തു. എം. മധു, ചേര്‍ത്തല സ്വദേശി പ്രദീപ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ചയ്ക്ക് ശേഷം കേസില്‍ ഒരു പതിനാറുകാരന്‍ കൂടി അറസ്റ്റിലായി.

ഇതിനിടെ കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പ്രവീണ്‍ എന്ന യുവാവ് ആത്മഹത്യ ചെയ്തിരുന്നു. മാര്‍ച്ച് 22നാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ പ്രകാരം പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം.

പതിനാറുകാരന്റെ ഒഴികെ മറ്റ് നാല് പ്രതികളുടെയും പേരില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പോക്സോ, ആത്മഹത്യാ പ്രേരണ, പട്ടിക ജാതി പട്ടിക വര്‍ഗങ്ങള്‍ക്കെതിരായ അതിക്രമം തുടങ്ങി വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്.

2019 ഒക്ടോബര്‍ ഒമ്പതിനായിരുന്നു കേസിലെ ആദ്യ വിധി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കേസിലെ മൂന്നാം പ്രതിയായ ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ കോടതി വെറുതെ വിട്ടിരുന്നു. പിന്നാലെ മറ്റ് പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു.

പ്രതികളെ വെറുതെവിട്ട കോടതി നടപടി ശരിയല്ലെന്നും പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

കേസന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തെത്തുടര്‍ന്ന് റിട്ടയേഡ് ജില്ലാ ജഡ്ജി പി.കെ. ഹനീഫയെ സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനായി നിയമിച്ചു. 2020 മാര്‍ച്ച് 18ന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമ്മീഷന്‍ കണ്ടെത്തി. ഇതിനിടെ പ്രതികളിലൊരാളായ പ്രദീപ് കുമാറും ആത്മഹത്യ ചെയ്തിരുന്നു.

കേസന്വേഷണത്തിലെ പോരായ്മകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേസ് സി.ബി.ഐക്ക് കൈമാറി. പെണ്‍കുട്ടികളുടേത് ആത്മഹത്യയാണെന്നായിരുന്നു സി.ബി.ഐയുടേയും കണ്ടെത്തല്‍. പിന്നാലെ സി.ബി.ഐ അന്വേഷണത്തില്‍ നീതി കിട്ടിയില്ലെന്നും, മുന്‍ അന്വേഷണ സംഘത്തിന്റെ തെറ്റ് സി.ബി.ഐ ആവര്‍ത്തിച്ചെന്നും പെണ്‍കുട്ടികളുടെ മാതാവ് ആരോപിച്ചിരുന്നു.


Content Highlight: DySP Sojan to be filed with criminal case in Walayar case

We use cookies to give you the best possible experience. Learn more