കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ കെ. സുധാകരനെതിരെ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ മേധാവിയായ ഡിവൈ.എസ്.പി റസ്റ്റം. പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും മോന്‍സണ്‍ മാവുങ്കല്‍ ജയിലില്‍ നിന്ന് സുധാകരനെ വിളിച്ചിട്ടില്ലെന്നും ഡിവൈ.എസ്.പി റസ്റ്റം പറഞ്ഞു. ‘ജയിലില്‍ നിന്ന് ആകെ രണ്ടുപേരെ മാത്രമെ ബന്ധപ്പെടാന്‍ പറ്റൂ.
അത് കാലേക്കൂട്ടി എഴുതി കൊടുക്കണം. സ്‌പെഷ്യല്‍ സെക്യൂരിറ്റി ജയില്‍ ആയതുകൊണ്ട് ആധാര്‍ കാര്‍ഡ് കൊടുക്കണം. ഇവിടുത്തെ രേഖകള്‍ നോക്കുമ്പോള്‍ മോന്‍സണ്‍ ആകെ വിളിച്ചതായി കാണുന്നത് അദ്ദേഹത്തിന്റെ മകനെയും അഭിഭാഷകനെയും മാത്രമാണ്.
ഇവിടെ വന്ന കാലം തൊട്ട് അവരെയാണ് വിളിച്ചിട്ടുള്ളത്. വേറെ ഒരാളെയും വിളിക്കാന്‍ പറ്റില്ല. അത് നോക്കാനുള്ള സംവിധാനം ജയിലിലുണ്ട്. കോണ്‍ഫറന്‍സ് കോളില്‍ പോലും വിളിക്കാനായിട്ടില്ല. ജയിലിലെ രേഖകള്‍ പ്രകാരം അങ്ങനെ വിളിക്കാന്‍ സാധ്യവുമല്ല, അങ്ങനെ വിളിച്ചിട്ടുമില്ല,’ ഡിവൈ.എസ്.പി പറഞ്ഞു.
കെ.പി.സി.സി അധ്യക്ഷന്‍ സുധാകരന്റെ പേര് പറയാന്‍ ഡിവൈ.എസ്.പി റസ്റ്റം ഭീഷണിപ്പെടുത്തിയെന്ന് കേസിലെ ഒന്നാം പ്രതിയായ മോന്‍സണ്‍ മാവുങ്കല്‍ കോടതിയില്‍ ആരോപിച്ചിരുന്നു. പീഡനം നടക്കുമ്പോള്‍ സുധാകരന്‍ സ്ഥലത്ത് ഉണ്ടായിരുവെന്ന് മൊഴി നല്‍കാനാണ് നിര്‍ബന്ധിച്ചതെന്നായിരുന്നു ആരോപണം.
സുധാകരന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന് പറയാനും ആവശ്യപ്പെട്ടെന്ന് മോന്‍സണ്‍ കോടതിയില്‍ പറഞ്ഞതായി അഭിഭാഷകന്‍ എം.ജി. ശ്രീജിത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. തുടര്‍ന്ന് ജയില്‍ ഡി.ജി.പിക്ക് പരാതി നല്‍കാന്‍ കോടതി മോന്‍സണോട് നിര്‍ദേശിച്ചിരുന്നു.