ശ്രീനഗര്‍: ശ്രീഗനറിലെ ജാമിയ മസ്ജിദിനു മുമ്പില്‍ ജനക്കൂട്ടം പൊലീസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്നു. ജമ്മു കശ്മീര്‍ പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് മുഹമ്മദ് അയൂബ് പണ്ഡിറ്റാണ് കൊല്ലപ്പെട്ടത്.
പള്ളിയുടെ സമീപത്തു നിന്നും ഫോട്ടോയെടുക്കുകയായിരുന്ന ഇയാളെ ഒരു സംഘം ചോദ്യം ചെയ്തതോടെ അവര്‍ക്കുനേരെ അദ്ദേഹം വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ മൂന്നുപേര്‍ക്കു പരുക്കേറ്റിരുന്നു. തുടര്‍ന്നാണ് ജനക്കൂട്ടം അക്രമാസക്തരായത്. വ്യാഴാഴ്ച 12 മണിയോടെയായിരുന്നു സംഭവം.
പള്ളിയുടെ മുമ്പില്‍ സെക്യൂരിറ്റി ഡ്യൂട്ടിയ്ക്കിടെയായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടെതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ യൂണിഫോമില്‍ അല്ലായിരുന്നു.
പ്രദേശവാസികള്‍ കല്ലെറിയുന്നതിന്റെ വീഡിയോ എടുത്ത ഇയാളുടെ നടപടിയെ എതിര്‍ത്ത് ഒരു സംഘം രംഗത്തുവന്നു. ഇതോടെ അയൂബ് സര്‍വ്വീസ് പിസ്റ്റളില്‍ നിന്നും വെടിയുതിര്‍ക്കുകയായിരുന്നു. സ്വയം പ്രതിരോധത്തിനായാണ് ഇയാള്‍ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്.
അയൂബ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ക്കു പരുക്കേറ്റതോടെ ജനക്കൂട്ടം പ്രകോപിതരാവുകയും അദ്ദേഹത്തെ പിടികൂടി നഗ്നനാക്കി കല്ലെറിഞ്ഞു കൊല്ലുകയുമായിരുന്നെന്നാണ് പൊലീസ് ഉറവിടങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നത്.
യൂണിഫോമില്‍ അല്ലായിരുന്നതിനാല്‍ ആദ്യം പൊലീസ് ഇയാളെ തിരിച്ചറിഞ്ഞില്ല. മണിക്കൂറുകള്‍ക്കുശേഷം അദ്ദേഹത്തിന്റെ ബന്ധുക്കള്‍ മൊബൈലില്‍ വിളിച്ചതോടെയാണ് പൊലീസ് ഇയാളെ തിരിച്ചറിഞ്ഞത്.
അയൂബിന്റെ മൃതദേഹം ഉടന്‍ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ കൊണ്ടുവന്നു തിരിച്ചറിയല്‍ നടപടിയും മറ്റ് നിയമപരമായ നടപടികളും പൂര്‍ത്തിയാക്കി. സംഭവത്തിനു പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം ഈ മേഖലയില്‍ പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസ് വെടിവെപ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നും ഇയാള്‍ കല്ലേറുകാരനാണെന്നുമാണ് കശ്മീര്‍ പൊലീസ് പറഞ്ഞത്.