തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധക്കേസിലെ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.
ജ്യേഷ്ഠനെ അഭിസംബോധന ചെയ്താണ് ഒരു വരിയുള്ള കുറിപ്പ് ഹരികുമാര്‍ എഴുതിയിരിക്കുന്നത്. “എന്റെ മകനെ നോക്കണം, സോറി, സോറി”- എന്നാണ് ആത്മഹത്യാകുറിപ്പിലെ വാചകങ്ങള്‍.
ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് ഹരികുമാറിനെ കല്ലമ്പലത്തെ വീടിനു പുറകിലെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കാനെത്തിയ ഭാര്യയുടെ അമ്മയാണു ഹരികുമാര്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്.
ജീവന്‍ പണയം വെച്ച് ജോലി ചെയ്തിട്ടും അവഗണന; നിപ വാര്‍ഡില്‍ ജോലിചെയ്ത തൊഴിലാളികളെ പിരിച്ചുവിട്ടു
ഹരികുമാറിന്റെ കല്ലമ്പലത്തെ വീട് കുറച്ചു നാളുകളായി അടഞ്ഞുകിടക്കുകയായിരുന്നു. ഔദ്യോഗിക ആവശ്യത്തിനായി നെയ്യാറ്റിന്‍കരയിലായിരുന്നു ഇദ്ദേഹം താമസം.
ഹരികുമാര്‍ ഒളിവില്‍പോയശേഷം ഭാര്യയും മകനും കല്ലറയുള്ള കുടുംബവീട്ടിലായിരുന്നു. രാത്രിയോടെ ഹരികുമാര്‍ കല്ലമ്പലത്തെ വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം ഹരികുമാറിന് സഹായം ചെയ്ത ബിനുവും സതീഷിന്റെ ഡ്രൈവറുമായ രമേശും ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് ഓഫിസില്‍ കീഴടങ്ങി.
കേസിന്റെ തുടക്കത്തില്‍ പൊലീസിലെ ചില ഉദ്യോഗസ്ഥരുടെയും അസോസിയേഷന്റെയും സഹായം ഹരികുമാറിന് ലഭിച്ചെങ്കിലും നാട്ടുകാരുടെ പതിഷേധം രൂക്ഷമായതോടെ കീഴടങ്ങാനുള്ള സമ്മര്‍ദം വര്‍ധിച്ചു. ജാമ്യത്തെ എതിര്‍ത്തുകൊണ്ട് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയാറാക്കിയതോടെ ഹരികുമാര്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നു.
ഇന്നലെ ഹരികുമാര്‍ തിരുവനന്തപുരത്ത് കീഴടങ്ങുമെന്ന സൂചനകള്‍ പൊലീസിന് ലഭിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാനുള്ള സാധ്യത മുന്നില്‍ കണ്ട് ഹരികുമാര്‍ കീഴടങ്ങുമെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടല്‍.