ചേര്‍ത്തല: കസ്റ്റഡിയിലെടുത്തയാളെ ‘ആക്ഷന്‍ ഹീറോ ബിജു’ സിനിമ സ്‌റ്റൈലില്‍ ചൊറിയണം തേച്ച് മര്‍ദിച്ചെന്ന പരാതിയില്‍ ആലപ്പുഴ ഡി.വൈ.എസ്.പിക്കും സര്‍വീസില്‍ നിന്ന് വിരമിച്ച എ.എസ്.ഐക്കും ശിക്ഷ വിധിച്ച് ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ആലപ്പുഴ ഡി.വൈ.എസ്.പി മധുബാബുവിനും മുന്‍ എ.എസ്.ഐ മോഹനനുമാണ് ഒരുമാസം തടവും 500 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം അധികം തടവ് അനുഭവിക്കണം. ജഡ്ജി ഷെറിന്‍ കെ. ജോര്‍ജാണ് ഉത്തരവാക്കിയത്.
2006 ഓഗസ്റ്റിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിക്കുരം നികര്‍ത്തില്‍ സിദ്ധാര്‍ത്ഥിന്റെ ഹരജിയിലാണ് ഉത്തരവ്. മണപ്പുറത്ത് ചകിരി മില്‍ നടത്തുന്ന ആളുമായുണ്ടായ തര്‍ക്കത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നും പൊലീസ് വാഹനത്തില്‍ വെച്ച് നഗ്‌നനാക്കി മര്‍ദിക്കുകയും ചൊറിയണം തേച്ചു എന്നുമായിരുന്നു പരാതി.
ആ സമയത്ത് ചേര്‍ത്തലയിലെ എസ്.ഐ ആയിരുന്നു മധുബാബു. എ.എസ്.ഐ മോഹനനും. കോടതി വിധിയെ തുടര്‍ന്ന് ആലപ്പുഴ ഡി.വൈ.എസ്.പി മധുബാബുവും മുന്‍ എ.എസ്.ഐ മോഹനനും ജാമ്യമെടുത്ത് അപ്പീലിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വാദിയുടെയും പ്രതിയുടെയും ഭാഗത്ത് നിന്നായി പൊലീസ് ഓഫീസേര്‍സും ഡോക്ടര്‍മാരുമടക്കം 43 സാക്ഷികളെയാണ് വിസ്തരിച്ചത്. പള്ളിക്കുരം നികര്‍ത്തില്‍ സിദ്ധാര്‍ത്ഥിന് വേണ്ടി അഭിഭാഷകരായ ജേണ്‍ ഹൂഡ് ഐസക്, ജെറീന എന്നിവരാണ് ഹാജരായത്.