| Tuesday, 17th April 2012, 5:03 pm

ഉണ്ണിത്താന്‍ വധശ്രമം: റഷീദിന് സസ്‌പെന്‍ഷന്‍, ജാമ്യാപേക്ഷ തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മാതൃഭൂമി കൊല്ലം ലേഖകന്‍ വി.ബി.ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അബ്ദുള്‍ റഷീദിന് സസ്‌പെന്‍ഷന്‍. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പി ജേക്കബ് പുന്നൂസാണ് റഷീദിനെ സസ്‌പെന്റ് ചെയ്തത്.

നേരത്തെ അബ്ദുല്‍ റഷീദിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അബ്ദുല്‍ റഷീദ് കോടതിയില്‍ കുഴഞ്ഞുവീണു. ഇത് അഭിനയമാണെന്ന് സി.ബി.ഐ കോടതിയില്‍ വാദിച്ചു. സി.ബി.ഐ ഉദ്യോഗസ്ഥര്‍ റഷീദിനെ മര്‍ദ്ദിച്ചെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. റഷീദ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ കോടതിയില്‍ ബോധിപ്പിച്ചു.

റഷീദിന് ശാരീരികാസ്വസ്ഥ്യങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും റഷീദ് പൂര്‍ണ ആരോഗ്യവാനാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സി.ബി.ഐ കോടതിയില്‍ ഹാജരാക്കി.

ഇന്നലെയാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അബ്ദുല്‍ റഷീദ് അറസ്റ്റിലായത്. കൊച്ചി സി.ജെ.എം കോടതി രണ്ടുദിവസം റഷീദിനെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന റഷീദിന്റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു. കേസില്‍ തന്നെ ബലിയാടാക്കുകയാണെന്നും പീഡിപ്പിക്കുകയാണെന്നും കോടതിയില്‍ റഷീദ് പരാതിപ്പെട്ടു.

2011 ഏപ്രില്‍ 16 ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് മാതൃഭൂമി കൊല്ലം ബ്യൂറോയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് ശാസ്താംകോട്ട ജങ്ഷനില്‍ ബസ്സിറങ്ങിയ ഉണ്ണിത്താന്‍ വീട്ടിലേയ്ക്ക് പോകവെ ഒരു സംഘം അക്രമികള്‍ വധിക്കാന്‍ ശ്രമം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ ഉണ്ണിത്താന്‍ രണ്ടുമാസത്തോളം ചികിത്സയില്‍ കഴിയുകയും നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനാകുകയും ചെയ്തു.

കൊല്ലം ജില്ലയിലെ പോലീസ് ഉന്നതരും ഗുണ്ടാസംഘവുമായുള്ള അവിഹിത ബന്ധത്തെക്കുറിച്ച് വാര്‍ത്തയെഴുതിയതിനാണ് ഉണ്ണിത്താന്‍ ആക്രമിക്കപ്പെട്ടതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.  കേരള പത്രപ്രവര്‍ത്തകയൂണിയന്റെയും മാതൃഭൂമിയുടെയും നിരന്തര സമ്മര്‍ദങ്ങളെത്തുടര്‍ന്നാണ് ഉണ്ണിത്താന്‍ വധശ്രമക്കേസ് ക്രൈംബ്രാഞ്ചിനും തുടര്‍ന്ന് സി.ബി.ഐക്കും അന്വേഷണത്തിന് വിട്ടത്.

Latest Stories

We use cookies to give you the best possible experience. Learn more