കൊല്‍ക്കത്ത: കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളെ കുടുംബവാഴ്ചയുടെ പേരില്‍ വിമര്‍ശിക്കുന്ന ബി.ജെ.പിയ്‌ക്കെതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അമിത് ഷായുടെ മകനെ ബി.സി.സി.ഐയുടെ തലപ്പത്തിരുത്തിയാണ് ബി.ജെ.പി കുടുംബവാഴ്ചയെപ്പറ്റി സംസാരിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു.
ബംഗാളില്‍ ഇടതുമുന്നണിയുടെ പീപ്പിള്‍സ് ബ്രിഗേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേരിട്ടു. ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകന്‍. എന്നിട്ടും അഴിമതിയെക്കുറിച്ചും കുടുംബവാഴ്ചയെപ്പറ്റിയുമാണ് ബി.ജെ.പി പറയുന്നത്’, യെച്ചൂരി പരിഹസിച്ചു.
ഇടതുമുന്നണിയും മറ്റ് മതേതരകക്ഷികളും ചേര്‍ന്നുള്ള മഹാസഖ്യം തൃണമൂല്‍ സര്‍ക്കാരിനേയും ബി.ജെ.പിയേയും സംസ്ഥാനത്ത് നിന്ന് തൂത്തെറിയുമെന്നും യെച്ചൂരി പറഞ്ഞു.
‘ബംഗാളില്‍ ഈ വര്‍ഗീയവാദികളെ പാഠം പഠിപ്പിക്കാന്‍ നമുക്കായാല്‍ രാജ്യത്തും അത് പറ്റും’, യെച്ചൂരി പറഞ്ഞു. കേന്ദ്രത്തില്‍ എന്താണോ മോദി ചെയ്യുന്നത് അതാണ് സംസ്ഥാനത്ത് മമത ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ നിരവധി പേരാണ് സമ്മേളനത്തിനെത്തിയത്. ഇടതുമുന്നണിയ്‌ക്കൊപ്പം കോണ്‍ഗ്രസും ഐ.എസ്.എഫും സമ്മേളനത്തിലുണ്ടായിരുന്നു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ തൂക്കുമന്ത്രിസഭയാണ് വരുന്നതെങ്കില്‍ മമതാ ബാനര്‍ജി ബി.ജെ.പിയ്‌ക്കൊപ്പം സഖ്യം ചേരുമെന്നും യെച്ചൂരി പറഞ്ഞു.
‘ബി.ജെ.പിയും തൃണമൂലും തമ്മിലുള്ള പോരാട്ടം പരിഹാസ്യമാണ്. പി.എം കെയറിലെ തുകയെടുത്ത് തെരഞ്ഞെടുപ്പുകളില്‍ നേതാക്കന്‍മാരെ വിലക്ക് വാങ്ങുകയാണ് ബി.ജെ.പി’, യെച്ചൂരി പറഞ്ഞു.