| Monday, 21st June 2021, 10:46 pm

എല്ലാം സഹിച്ച് ജീവിക്കേണ്ടവരാണ് പെണ്‍കുട്ടികള്‍ എന്ന ധാരണ ഇന്നും സമൂഹത്തിനുണ്ട്; വിസ്മയയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ.

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊല്ലത്തെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഡി.വൈ.ഐ.എഫ്.ഐ. സാംസ്‌കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. അപരിഷ്‌കൃത മനസുമായി ജീവിക്കുന്ന ഇത്തരം ആളുകള്‍ മലയാളികള്‍ക്ക് അപമാനമാണെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സ്ത്രീധനം എന്ന സങ്കല്പം തന്നെ നിയമം മൂലം നിരോധിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും അടുത്തിടെ വന്ന വാര്‍ത്തകള്‍ അപകടകരമായ സന്ദേശമാണ് നല്‍കുന്നത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നു വരേണ്ടതുണ്ടെതുണ്ടെന്നു ഡി.വൈ.എഫ്.ഐ. പ്രസ്താവനയില്‍ പറയുന്നു.

‘വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത് ക്രൂരമായ പീഡനത്തിന്റെ വാര്‍ത്തകളാണ്. സ്ത്രീധനത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് വിസ്മയ തന്നെ പറയുന്ന വാട്‌സാപ്പ് സന്ദേശങ്ങളും മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും വിസ്മയയുടേത് കൊലപാതകമാണെന്നുമുള്ള അച്ഛന്‍ ആരോണവും പുറത്തുവന്നിട്ടുണ്ട്.

സ്ത്രീധനത്തിന്റെ പേരില്‍ ഇല്ലാതാകാനുള്ളതല്ല പെണ്‍ ജീവിതങ്ങള്‍. അതിനാല്‍, വിസ്മയയുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സാധിക്കണം.
സമീപകാലത്തായി സ്ത്രീധനത്തിന്റെ പേരില്‍ കൊലപാതകങ്ങളും ആത്മഹത്യയും കൂടിവരുന്നത് നാം ഗൗരവത്തോടെ കാണണം,’ ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു.

കൊല്ലം അഞ്ചലില്‍ ഉത്ര എന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. എല്ലാം സഹിച്ച് ജീവിക്കേണ്ടവളാണ് പെണ്‍കുട്ടികള്‍ എന്ന ധാരണ സമൂഹത്തില്‍ ഇന്നും ശക്തമായുണ്ട്. അതിന്റെ പരിണിത ഫലം കൂടിയാണ് വിസ്മയയുടെ മരണം. ഈ സമൂഹത്തിലെ ഒരു കുടുംബത്തിലും ഒരു പെണ്‍കുട്ടിയും ഇത്തരം സംഭവങ്ങള്‍ക്ക് ഇരയാകാന്‍ പാടില്ലെന്നും ഡി.വൈ.എഫ്.ഐ. ഒര്‍മ്മിപ്പിച്ചു.

സ്ത്രീധനത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയുടെയും ജീവിതം വഴിമുട്ടാന്‍ പാടില്ല. അതിന് കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. പരിഷ്‌കൃത സമൂഹത്തില്‍ നിന്ന് സ്ത്രീധനം എന്ന വിപത്തിനെ തുടച്ചുനീക്കുന്നതിന് ഡി.വൈ.എഫ്.ഐ. ശക്തമായ കാമ്പയിനുകള്‍ ഉയര്‍ത്തിക്കൊണ്ട് വരുമെന്നും ഡി.വൈ.എഫ്.ഐ. പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണിനെ പൊലീസ് കസ്റ്റഡിയിലെയടുത്തിട്ടുണ്ട. കഴിഞ്ഞദിവസം വിസ്മയ ബന്ധുവിന് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം.

ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ത്രീധന പീഡന പരാതി ഉയര്‍ന്നതോടെ വിഷയത്തില്‍ വനിത കമ്മീഷനും ഇടപെട്ടിട്ടുണ്ട്. വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പിയോട് റിപ്പോര്‍ട്ട് തേടി. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: DYIFI calls for comprehensive probe into Vismaya’s death found hanging at her husband’s house in Kollam

We use cookies to give you the best possible experience. Learn more