| Thursday, 3rd March 2016, 11:09 am

ഡി.വൈ.എഫ്.ഐ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ രഞ്ജിത്തിനെ ക്ഷണിച്ചതില്‍ തെറ്റില്ലെന്ന് എം.സ്വരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരൂര്‍: ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ സംവിധായകന്‍ രഞ്ജിത്തിനെ ക്ഷണിച്ചത് തെറ്റാണെന്ന് കരുതുന്നില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്. നേരത്തെയും ഡി.വൈ.എഫ്.ഐ ഇതുപോലുള്ള ആളുകളെ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ക്ക് എതിരായ നിലപാടുകള്‍ പറയുന്നവരെക്കൂടി അംഗീകരിക്കുക എന്നതാണ് സംഘടനയുടെ രീതി. അതിന്റെ ഭാഗമായാണ് രഞ്ജിത്തിനെ ഉദ്ഘാടനകനായി കൊണ്ടുവന്നതെന്നും സ്വരാജ് വ്യക്തമാക്കി.

രഞ്ജിത്ത് വെറും സിനിമാ സംവിധായകന്‍ മാത്രമല്ല. നടനും കൂടിയാണ്. ഒ.എന്‍.വി കുറുപ്പ്, സെബാസ്റ്റ്യന്‍ പോള്‍ തുടങ്ങിയവരെല്ലാം നേരത്തെ ഡി.വൈ.എഫ്.ഐ സമ്മേളനത്തില്‍ ഉദ്ഘാടകരായി എത്തിയിട്ടുണ്ട്. രഞ്ജിത്തിനെ ക്ഷണിച്ചതില്‍ പിശകുള്ളതായി തോന്നിയിട്ടില്ലെന്നും എം സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മലയാളത്തിലെ സവര്‍ണ സിനിമകളുടെ ആചാര്യന്മാരില്‍ പ്രധാനിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകന്‍ രഞ്ജിത്തിനെ ഡി.വൈ.എഫ്.ഐയുടെ പരിപാടിയില്‍ ക്ഷണിച്ചത് വിവാദമായിരുന്നു. വലതുപക്ഷബോധത്തിന് കൂറേകൂടി ആഴത്തില്‍ വേരോട്ടമുണ്ടാക്കുന്ന ഫ്യൂഡല്‍ മാടമ്പിത്തരം ഹീറോയിസമാക്കി അവതരിപ്പിക്കുന്ന രഞ്ജിത്തിനെ പോലുള്ള സംവിധായകനെ ഡി.വൈ.എഫ്.ഐ ക്ഷണിച്ചുവരുത്തിയത് തെറ്റാണെന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞിരുന്നത്.

We use cookies to give you the best possible experience. Learn more