പത്തനംതിട്ട: പ്രാദേശിക സംഘര്‍ഷങ്ങളുടെ ഭാഗമായി സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അടക്കമുള്ളവരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. രണ്ടാഴ്ച മുമ്പ് നടന്ന അങ്ങാടിക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സി.പി.ഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം ഉദയകുമാര്‍, ലോക്കല്‍ കമ്മറ്റി സെക്രട്ടറി സുരേഷ്ബാബു തുടങ്ങിയവര്‍ക്കാണ് തെരുവില്‍ വെച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദനമേല്‍ക്കേണ്ടി വന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണം സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുടെ വീടുകളും വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു.
സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ സ്റ്റേഷനില്‍ വെച്ച് സി.പി.ഐ ജില്ലാ സെക്രട്ടറിയടക്കമുള്ളവരെ പൊലീസ് അപമാനിക്കുകയാണ് ചെയ്തതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ അങ്ങാടിക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അടൂര്‍ മേഖലയില്‍ സി.പി.ഐ സി.പി.ഐ.എം സംഘര്‍ഷം ഉടലെടുത്തത്. തെരഞ്ഞെടുപ്പില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന് ആരോപിച്ച് സി.പി.ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.