കോഴിക്കോട്: ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന “ഒടിയന്‍” എന്ന സിനിമ ഡി.വൈ.എഫ്.ഐ തടയും എന്ന വാര്‍ത്ത വ്യാജമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു.
ശ്രീ മോഹന്‍ലാല്‍ നായകനായ ചലച്ചിത്രം “”ഒടിയന്‍””ഡി.വൈ.എഫ്.ഐ തടയാന്‍ പോകുന്നു എന്ന് നവമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.ഇത് അടിസ്ഥാന രഹിതമാണ് എന്നാണ് റഹീം ഫേസ്ബുക്കില്‍ കുറച്ചത്.
യാഥാര്‍ഥ്യത്തിന്റെ കണിക പോലുമില്ലാത്ത ഇത്തരം നുണ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാകണം.വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ നിയമ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ഡി.ജി.പി.ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിന്റെ പുതിയ തിയേറ്റര്‍ ആയ ലാല്‍ സിനി പ്ലസ്സില്‍ ഒടിയന്‍ റിലീസ് ചെയ്യാന്‍ ഡി.വൈ.എഫ്.ഐ സമ്മതിക്കില്ലെന്നായിരുന്നു ചില മാധ്യമങ്ങള്‍ പുറത്തു വിട്ട വാര്‍ത്ത. അനധികൃതമായി സ്ഥലം കയ്യേറിയാണ് മോഹന്‍ലാല്‍ തീയേറ്റര്‍ നിര്‍മ്മിച്ചതെന്നും അതിനാല്‍ തീയേറ്റര്‍ പ്രവര്‍ത്തിക്കാനോ സിനിമ റിലീസ് ചെയ്യാനോ സമ്മതിക്കില്ലെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞതായായിരുന്നു വാര്‍ത്ത.