പി.കെ ശശിക്കെതിരെ പരാതി നല്‍കിയ സൗമ്യ രാജിന്റെ രാജി സ്വീകരിക്കാതെ ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വം
Kerala News
പി.കെ ശശിക്കെതിരെ പരാതി നല്‍കിയ സൗമ്യ രാജിന്റെ രാജി സ്വീകരിക്കാതെ ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th June 2019, 8:44 am

പാലക്കാട്: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ പരാതി നല്‍കിയ സൗമ്യ രാജിന്റെ രാജി സ്വീകരിക്കാതെ ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വം. യുവതിയുടെ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്തതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാം എന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

ശശിക്കെതിരെ പരാതി നല്‍കിയപ്പോള്‍ യുവതിയുടെ കൂടെ നിന്നവരെ തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് ജില്ലാ കമ്മറ്റിയംഗമായ സൗമ്യ രാജ് രാജി നല്‍കിയത്.

യുവതിക്കൊപ്പം നിന്ന ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ജിനേഷ് ബാലനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു.

കൂടാതെ യുവതിക്കെതിരെ നിരന്തരം അപവാദപ്രചാരണം നടത്തിയിരുന്ന ഭാരവാഹിയെ ജില്ലാ സെക്രട്ടേറിയറ്റിലെടുത്തിരുന്നു. അടുത്ത ആഴ്ച്ച ചേരുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിക്ക് ശേഷമേ ഇക്കാര്യം ജില്ലാ കമ്മറ്റി ചര്‍ച്ച ചെയ്യൂ.

പി.കെ ശശിക്കെതിരെ ലൈംഗികാക്രമണ പരാതി നല്‍കിയ പെണ്‍കുട്ടി എന്നറിയപ്പെടേണ്ടെന്നും സ്വന്തം പേരില്‍ത്തന്നെ അറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സൗമ്യ രാജ് പറഞ്ഞിരുന്നു.

2018 ഓഗസ്റ്റ് 14നാണ് യുവതി പി.കെ ശശിക്കെതിരെ പരാതി നല്‍കിയത്. എം.എല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡി.വൈ.എഫ്.ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

പീഡന പരാതി പാര്‍ട്ടി അന്വേഷിച്ചിരുന്നു. തുടര്‍ന്ന് പി.കെ ശശിയെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ പ്രാഥമിക അംഗത്വത്തില്‍ നിന്നായിരുന്നു സസ്‌പെന്‍ഷന്‍.