| Monday, 13th February 2023, 7:56 pm

അമിത് ഷാ കേരളത്തോട് മാപ്പ് പറയണം: ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തെക്കുറിച്ച് നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാപ്പ് പറയണമെന്ന് ഡി.വൈ.എഫ്.ഐ. അമിത് ഷായുടെ പരാമര്‍ശം ആഭ്യന്തര മന്ത്രി പദവിയുടെ അന്തസിന് ചേരാത്തതും അത്യന്തം ഗുരുതരമായ ഭരണഘടനാ ലംഘനമാണെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

അമിത് ഷായുടെ പ്രസ്താവനക്കെതിരെ നാടെങ്ങും അതിശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

‘കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കര്‍ണാടകത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ ‘തൊട്ടടുത്ത് കേരളം ഉണ്ട്, സൂക്ഷിക്കണം, കേരളത്തെപ്പറ്റി കൂടുതല്‍ പറയേണ്ടല്ലോ’ എന്ന രീതിയില്‍ പ്രസംഗിച്ചത് കേരള ജനതയെ അപമാനിക്കുന്നതും കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന സ്ഥാനത്തിരുന്നുകൊണ്ട് ജനങ്ങളില്‍ പ്രാദേശിക വിഭാഗീയതയും ഒരു സംസ്ഥാനത്തെ ആകെ താറടിക്കുന്നതും ആഭ്യന്തരമന്ത്രി പദവിയുടെ അന്തസിന് ചേരാത്തതും അത്യന്തം ഗുരുതരമായ ഭരണഘടനാ ലംഘനവുമാണ്.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് നല്ല ജീവിത നിലവാരവും സമാധാനവും സുരക്ഷിതത്വമുള്ള സംസ്ഥാനമാണ് കേരളം. അമിത് ഷാ പ്രസംഗിച്ച കര്‍ണാടകത്തില്‍ വര്‍ഷങ്ങളായി ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ വലിയ രീതിയിലുള്ള അരക്ഷിതാവസ്ഥയും ആക്രമവും നേരിടുകയാണ് അതുപോലെ ബി.ജെ.പിയുടെ ഭരണം നിലനില്‍ക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ ഈ രീതിയിലുള്ള അരക്ഷിതാവസ്ഥ നിലനില്‍ക്കുമ്പോള്‍ എല്ലാ മേഖലയിലും ഉന്നതമായ സ്ഥാനത്ത് തുടരുന്ന കേരളത്തെ അപമാനിച്ച അമിത് ഷാ അദ്ദേഹം വഹിക്കുന്ന പദവിക്കും ഭരണഘടനയുടെ അന്തസിനും അടിസ്ഥാന ആശയങ്ങള്‍ക്കും എതിരായുള്ള പ്രസ്താവനയാണ് നടത്തിയത്.

അദ്ദേഹം കേരളത്തോട് മാപ്പ് പറയണം. അമിത് ഷായുടെ കേരള വിരുദ്ധ പ്രസ്താവനയില്‍ അതിശക്തമായ പ്രതിഷേധം അറിയിക്കുന്നു,’ ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും രംഗത്തെത്തിയിരുന്നു.

തൊട്ടടുത്ത് കേരളമാണ്, സുരക്ഷിതമാകാന്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യൂവെന്ന അമിത് ഷായുടെ പ്രസ്താവനയില്‍, ബി.ജെ.പിക്ക് കേരളത്തില്‍ ഒന്നുമില്ലല്ലോ പൂജ്യം സീറ്റല്ലേയുള്ളു എന്നാണ് ഷാഫി പറമ്പില്‍ പറഞ്ഞിരുന്നത്.

വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത, ക്രമസമാധാനനില ഭദ്രമായ കേരളത്തെ മാതൃകയാക്കണമെന്നായിരുന്നു ആഭ്യന്തര മന്ത്രി പറയേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതോടെ അമിത്ഷായുടെ പ്രസ്താവനക്കെതിരെ കേരളത്തിലെ ഭരണ- പ്രതിപക്ഷ നിരയില്‍ നിന്ന് ഒറ്റക്കെട്ടായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.

Content Highlight: DYFI wants Union Home Minister Amit Shah to apologize for his insulting remarks about Kerala

We use cookies to give you the best possible experience. Learn more