| Tuesday, 16th May 2023, 11:34 am

അസ്മിയയുടെ മരണം ഞെട്ടിപ്പിക്കുന്നത്; നിജസ്ഥിതി പുറത്തുകൊണ്ടുവരണം: ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയില്‍ ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ഡി.വൈ.എഫ്.ഐ.

കുട്ടികള്‍ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും സംഭവത്തെ സംബന്ധിച്ച് കുടുംബം ഉന്നയിച്ച ആരോപണങ്ങളില്‍ പൊലീസ് സമഗ്ര അന്വേഷണം നടത്തണമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

‘തിരുവനന്തപുരം ബാലരാമപുരത്തെ അല്‍അമീന്‍ എന്ന മതവിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനി അസ്മിയ മോള്‍(17) സ്ഥാപനത്തിലെ ലൈബ്രറിയില്‍ തൂങ്ങി മരിച്ച സംഭവം ഞെട്ടലുളവാക്കുന്നു.

സംഭവത്തെ സംബന്ധിച്ച് കുടുംബം ഉന്നയിച്ച ആരോപണങ്ങളില്‍ പൊലീസ് സമഗ്ര അന്വേഷണം നടത്തണം. നിജസ്ഥിതി പുറത്തുകൊണ്ടുവരണം. കുട്ടികള്‍ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണം,’ ഡി.വൈ.എഫ്.ഐ കേരള പ്രസ്താവനയില്‍ പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് ബാലരാമപുരത്തെ അല്‍ അമന്‍ എഡുക്കേഷനല്‍ കോപ്ലക്‌സ് എന്ന മത പഠന സ്ഥാപനത്തിലെ ലൈബ്രറിയില്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷമായി ഇവിടെ നിന്ന് പഠിക്കുകയാണ് പെണ്‍കുട്ടി. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയാണെന്നാണ് നിഗമനം.

അതേസമയം, പെണ്‍കുട്ടിയുടേത് ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlight: DYFI wants a thorough investigation into the incident where the girl was found hanging under mysterious circumstances in a religious school in Balaramapuram

Latest Stories

We use cookies to give you the best possible experience. Learn more