തിരുവനന്തപുരം: മതവിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസ്താവന പിന്‍വലിച്ച് പി.സി. ജോര്‍ജ്ജ് കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്ന് ഡി.വൈ.എഫ്.ഐ. സംഘപരിവാര്‍ കൂടാരത്തില്‍ രാഷ്ട്രീയ അഭയാര്‍ത്ഥിത്വം തേടുന്ന ജോര്‍ജ്ജിന്റെ നാക്ക് സകല സീമകളും ലംഘിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
‘കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സമുദായമൈത്രിയും സാഹോദര്യവുമാണ് സംഘപരിവാറിന് പച്ചതൊടാന്‍ പറ്റാത്ത ഇടമായി കേരളത്തെ നിലനിര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ഈ സൗഹാര്‍ദ്ദരീക്ഷത്തെ തകര്‍ക്കാന്‍ നിരന്തരമായ വലതുപക്ഷ ഇടപെടലുകള്‍ നടക്കുന്നുണ്ട്.
അത്തരം ശ്രമങ്ങളുടെ തുടര്‍ച്ചയാണ് സംഘപരിവാരം തിരുവനന്തപുരത്ത് നടത്തിയ ഹിന്ദു മഹാ സമ്മേളനത്തില്‍ വച്ച് പി.സി ജോര്‍ജ്ജ് നടത്തിയ വര്‍ഗ്ഗീയപ്രസംഗം. പി സി ജോര്‍ജ്ജിന്റെ വാക്കുകള്‍ മതങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വ്വമായ ക്രിമിനല്‍ പ്രവൃത്തിയാണ്,’ ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
മനുഷ്യ സൗഹാര്‍ദത്തിന് പേരുകേട്ട കേരളത്തില്‍ അത് തകര്‍ക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോര്‍ജിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പറഞ്ഞ് സി.പി.ഐ.എമ്മും പ്രസ്താവനയിറക്കിയിരുന്നു.
കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള എല്ലാവിധ പരിശ്രമങ്ങളെയും ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് നേരിടണമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
‘തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സംഗമമെന്ന പരിപാടിയിലാണ് പി.സി. ജോര്‍ജ് ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണവുമായി രംഗത്ത് വന്നിട്ടുള്ളത്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്തുന്നതിന് എല്ലാ വര്‍ഗീയ വാദികളും ബോധപൂര്‍വ്വമായ പദ്ധതികള്‍ നടപ്പിലാക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസംഗം പുറത്തു വന്നിട്ടുള്ളത്.
ഇദ്ദേഹത്തിന്റെ സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളിക്കളയാനാകില്ല. പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം കേരളീയ സമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാവണം,’ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.