| Saturday, 19th January 2019, 8:11 am

നരേന്ദ്ര മോദിക്ക് വായിച്ചു പഠിക്കാന്‍ ഭരണഘടന അയച്ചു കൊടുക്കും; ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വായിച്ചു പഠിക്കാന്‍ ഭരണഘടനയുടെ പകര്‍പ്പുകള്‍ അയച്ചു കൊടുക്കാനൊരുങ്ങി ഡി.വൈ.എഫ്.ഐ. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിച്ച സംസ്ഥാന സര്‍ക്കാറിനെതിരെ മോദി നടത്തിയ പരാമര്‍ശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.വൈ.എഫ്.ഐ പ്രധാനമന്ത്രിക്ക് ഭരണഘടന അയച്ചു കൊടുക്കുന്നത്.

ശനിയാഴ്ച കേരളത്തിലെ ഡി.വൈ.എഫ്.ഐ ജില്ലാ കേന്ദ്രങ്ങളില്‍ വെച്ച് ഭരണഘടനയുടെ പകര്‍പ്പുകള്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തിലേക്ക് അയച്ചു കൊടുക്കുമെന്ന് ഡി.വൈ.എഫ്.ഐയുടെ പ്രസ്താവനയില്‍ പറയുന്നു.

സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്നത് സംസ്ഥാന സര്‍ക്കാറിന്റെ ബാധ്യതയാണെന്നും, സര്‍ക്കാറിന്റെ നിലപാടിനെ അഭിനന്ദിക്കുന്നതിനു പകരം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സര്‍ക്കാറിനെ വിമര്‍ശിക്കുകയായിരുന്നെന്നും പ്രസ്താവനയില്‍ പറയുന്നു.ഭരണഘടനയില്‍ തൊട്ട് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ മോദി ഇത്തരം പ്രസ്താവന നടത്തുന്നത് ധാര്‍മികമായി ശരിയല്ലെന്നും, പ്രധാനമന്ത്രിയുടെ പ്രസ്താവന കലാപാഹ്വാനത്തിന് തുല്യമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

Also Read ശബരിമല ദര്‍ശനത്തിന് എത്തിയ യുവതികളെ വീണ്ടും തിരിച്ചയച്ചു; പൊലീസ് പറഞ്ഞു പറ്റിച്ചെന്ന് നവോത്ഥാന കേരളം കൂട്ടായ്മ

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗം നടന്ന കൊല്ലത്തെ പീരങ്കി മൈതാനിയില്‍ വേദിയില്‍ ഡി.വൈ.എഫ്.ഐ ഭരണഘടനാ വായന നടത്തിയിരുന്നു.

ശബരിമല വിഷയത്തില്‍ സി.പി.ഐ.എം സംസ്ഥാന സര്‍ക്കാറും സ്വീകരിച്ച നിലപാട് ലജ്ജാകരമാണെന്നായിരുന്നു മോദി പറഞ്ഞത്. ഇത് ഏറ്റവും വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്നും കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്നും മോദി മുന്നറിയിപ്പു നല്‍കിയിരുന്നു.

ശബരിമലയുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്നും പരാമര്‍ശത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more