| Monday, 9th October 2023, 11:12 pm

മാനവികതയുടെ ശത്രു അധിനിവേശം, ഫലസ്തീനിലെ ഇസ്രഈല്‍ അധിനിവേശം അവസാനിപ്പിക്കുക: ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇസ്രഈല്‍-ഹമാസ് യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഫലസ്തീന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ. ഫലസ്തീനിലെ ഇസ്രഈല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും സമാധാനം സ്ഥാപിക്കുണമെന്നും ഡി.വൈ.എഫ്.ഐ കേരളയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ച് പോസ്റ്ററില്‍ പറഞ്ഞു. മാനവികതയുടെ ശത്രു അധിനിവേശമാണെന്നും ഡി.വൈ.എഫ്.ഐ പറയുന്നു.

സി.പി.ഐ.എം പോളിറ്റ് ബ്യൂറോയും കഴിഞ്ഞ ദിവസം ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഫലസ്തീനിലെ ഗാസ മേഖലയില്‍ ഇസ്രഈല്‍ സേനയും ഇസ്രഈലിനെതരെ ഫലസ്തീന്‍ സംഘടനയായ ഹമാസും നടത്തുന്ന ആക്രമണത്തെയും പ്രത്യാക്രമണത്തെയും ശക്തമായി അപലപിക്കുന്നുവെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

അനധികൃത കുടിയേറ്റങ്ങളില്‍ നിന്നും കയ്യേറിയ ഫലസ്തീനിലെ ഭൂമിയില്‍ നിന്നും ഇസ്രഈല്‍ പിന്‍വാങ്ങലും ഫലസ്തീന്‍ ജനതയുടെ സ്വന്തം ഭൂമിക്കായുള്ള നിയമാനുസൃതമായ അവകാശവും ഐക്യരാഷ്ട്രസഭ ഉറപ്പുവരുത്തണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഗാസക്കുമേല്‍ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രഈല്‍. വെള്ളവും ഭക്ഷണവും വൈദ്യുതിയും തടയുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. സമ്പൂര്‍ണ ഉപരോധമാണ് തങ്ങള്‍ നടപ്പാക്കുന്നതെന്നും യോവ് ഗാലന്റ് വീഡിയോ സന്ദേശത്തില്‍ അിയിച്ചിരുന്നു.

2007 മുതല്‍ ഗാസയില്‍ ഇസ്രഈല്‍ ഉപരോധം തുടരുന്നുണ്ട്. ഇതിന് പിന്നാലെയാണിപ്പോള്‍ 23 ലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയിലെ പ്രാഥമിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മേലുള്ള പുതിയ ഉപരോധം വരുന്നത്.

Content Highlight:  DYFI supports Palestine as Israel-Hamas war continues

We use cookies to give you the best possible experience. Learn more