കോഴിക്കോട്:വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം മെര്‍സലിന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ: പി.എ മുഹമ്മദ് റിയാസ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരായ ഗുണ്ടായിസത്തെ ഡി.വൈ.എഫ.ഐ ചെറുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ച വിജയ് ചിത്രം മെര്‍സലിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയ ബി.ജെ.പി നിലപാടില്‍ പ്രതിഷേധിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഫേസ്ബുക്കിലൂടെയായിരുന്നു റിയാസിന്റെ പ്രതികരണം.
ചിത്രത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിജയ്‌യുടെ കഥാപാത്രം വിമര്‍ശിക്കുന്ന രംഗവും റിയാസ് ഫേസ്ബുക്ക് വഴി പങ്ക് വെച്ചു. നേരത്തെ ചിത്രത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
ജി.എസ്.ടിയുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു മെര്‍സലിനും നടന്‍ വിജയ്ക്കും എതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നത്.
സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ മെര്‍സലില്‍ നിന്നും നീക്കം ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇത് അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചതോടെ നായകന്‍ വിജയ്‌ക്കെതിരെ ബി.ജെ.പി പ്രചരണമഴിച്ചുവിടുകയും ചെയ്തിരുന്നു.
വിജയ് ക്രിസ്ത്യാനിയാണെന്നും അത് കൊണ്ടാണ് ചിത്രത്തില്‍ അമ്പലങ്ങളല്ല ആശുപത്രികളാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞതെന്നും വിജയ് നികുതി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും നികുതി അടച്ചതിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചിരുന്നു.