| Monday, 31st October 2022, 11:25 am

നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്: ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാറശ്ശാല ഷാരോണ് രാജിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ. ഏറെ ഞെട്ടിക്കുന്നതും ക്രൂരവുമായ കൊലപാതകം നമ്മുടെ പ്രണയ സങ്കല്‍പ്പങ്ങളെയും പ്രണയത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെയും ഇല്ലാതാക്കുന്നതാണെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയിലൂടെ പറഞ്ഞു.

പാനൂരിലെ വിഷ്ണുപ്രിയയെ പ്രണയപ്പകയില്‍ അറുത്തു കൊന്നതും ഷാരോണിനെ വിഷം കൊടുത്തു കൊന്നതും പ്രണയമറയില്‍ നടത്തിയ ക്രൂരതയാര്‍ന്ന കൊലപാതങ്ങള്‍ ആണ്. നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ടെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.

ജീവനെടുക്കുന്ന പ്രണയപ്പകകള്‍ ഇല്ലാത്ത പ്രണയ ലോകങ്ങള്‍ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയില്‍ ഉണ്ടാക്കാന്‍ നമുക്ക് ജാഗ്രത കാട്ടാമെന്നും ഡി.വൈ.എഫ്.ഐ പ്രസ്തവനയില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഷാരോണ്‍ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി സ്ഥിരീകരിച്ചു. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനിയായ ലൈസോള്‍ കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഛര്‍ദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കൊളേജ് ആശുപതിയിലേക്ക് കൊണ്ടുപോയി. ശുചിമുറിയില്‍ പോയി വന്ന ശേഷമായിരുന്നു ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്.

ഇന്നലെ രാത്രി ഒന്നേകാലോടെയാണ് ഗ്രീഷ്മയെ നെടുമങ്ങാട് ഡി.വൈ.എസ്.പി ഓഫീസില്‍ എത്തിച്ചത്. ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തെളിവെടുപ്പും തുടര്‍നടപടികളും പിന്നീട് തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് യുവാവിന്റെ കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നും കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.

ഡി.വൈ.എഫ്.ഐ പ്രസ്തവനയുടെ പൂര്‍ണരൂപം:

പ്രണയത്തിന്റെ മാനവികതയാകെ നഷ്ടപ്പെടുന്ന വാര്‍ത്തകളാണ് തുടര്‍ച്ചയായി വന്നു കൊണ്ടിരിക്കുന്നത് അതില്‍ അവസാനത്തേതാണ് പാറശ്ശാലയിലെ ഷാരോണിന്റെ മരണം.

കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം ചേര്‍ത്തു നല്‍കി നടത്തിയ നിഷ്ഠുരമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഏറെ ഞെട്ടിക്കുന്നതും ക്രൂരവുമായ കൊലപാതകം നമ്മുടെ പ്രണയ സങ്കല്‍പ്പങ്ങളെയും പ്രണയത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെയും ഇല്ലാതാക്കുന്നതാണ്.

പാനൂരിലെ വിഷ്ണുപ്രിയയെ പ്രണയപ്പകയില്‍ അറുത്തു കൊന്നതും ഷാരോണിനെ വിഷം കൊടുത്തു കൊന്നതും പ്രണയമറയില്‍ നടത്തിയ ക്രൂരതയാര്‍ന്ന കൊലപാതങ്ങള്‍ ആണ്. മ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്.

ജീവനെടുക്കുന്ന പ്രണയപ്പകകള്‍ ഇല്ലാത്ത പ്രണയ ലോകങ്ങള്‍ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയില്‍ ഉണ്ടാക്കാന്‍ നമുക്ക് ജാഗ്രത കാട്ടാം… പാറശാലയിലെ ഷാരോണിന് ആദരാഞ്ജലികള്‍.

Content Highlight: DYFI Statement over Parassala Sharon’s Murder

We use cookies to give you the best possible experience. Learn more