സുരേഷ് ഗോപി ഒരു സിനിമാറ്റിക് കോമാളിയായി മാറിയിരിക്കുന്നു; ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വം
Kerala News
സുരേഷ് ഗോപി ഒരു സിനിമാറ്റിക് കോമാളിയായി മാറിയിരിക്കുന്നു; ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th October 2023, 12:11 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് അപമാര്യാദയായി പെരുമാറിയ ബി.ജെ.പി നേതാവ് സുരേഷ് ഗോപി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വം.
ഒരു വ്യക്തിയുടെ അനുവാദം കൂടാതെ അവരുടെ ശരീരത്തില്‍ സ്പര്‍ശിച്ച വഷളത്തരം അദ്ദേഹം പേറുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ബാക്കി പത്രമാണെന്നും നേതൃത്വം ആരോപിച്ചു.

‘ആധുനിക ലോകം ഉപേക്ഷിച്ച എല്ലാ ജീര്‍ണ്ണതകളെയും താലോലിക്കുന്ന ഒരു സിനിമാറ്റിക് കോമാളിയായി മാറിയ സുരേഷ് ഗോപി എത്ര കപടത നിറഞ്ഞ മാനസികാവസ്ഥയുമായാണ് ജീവിക്കുന്നത് എന്ന് അദ്ദേഹം ഈ മാധ്യമപ്രവര്‍ത്തകയോട് പെരുമാറിയ രീതി കണ്ടാല്‍ വ്യക്തമാകും.

തന്റെ ദേഹത്ത് സ്പര്‍ശിച്ചപ്പോള്‍ ഒരു വട്ടം ഒഴിഞ്ഞുമാറിയിട്ടും വീണ്ടും അതേപോലെ പെരുമാറിയപ്പോള്‍ അദ്ദേഹത്തിന്റെ കൈ അവര്‍ക്ക് തന്നെ എടുത്തു മാറ്റേണ്ടി വന്നു.

ഇത്രയും മോശമായി ഒരു വ്യക്തിയുടെ അനുവാദം കൂടാതെ അവരെ ശരീരത്തില്‍ സ്പര്‍ശിച്ച വഷളത്തരം അദ്ദേഹം പേറുന്ന ജീര്‍ണ്ണ രാഷ്ട്രീയ സംഹിതയുടെ ബാക്കിപത്രം കൂടിയാണ്,’

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച കോഴിക്കോട് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടയില്‍ തോളില്‍ കയ്യിട്ടത്. ഉടന്‍തന്നെ അതൃപ്തി പ്രകടിപ്പിച്ച് മാധ്യമപ്രവര്‍ത്തക മാറിനിന്നെങ്കിലും സുരേഷ് ഗോപി കൈ എടുത്തില്ല വീണ്ടും തോളില്‍ കൈ വെച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തക അപ്പോള്‍ തന്നെ കൈ തട്ടി മാറ്റുകയായിരുന്നു.

താന്‍ നേരിട്ട മോശം പെരുമാറ്റത്തില്‍ സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമപ്രവര്‍ത്തക അറിയിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിക്കുന്നതായി സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Content Highlight: DYFI statement on Suresh gopi behaviour towards journalist